Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വർണ്ണപ്പകിട്ട് ട്രാൻസ്ജെൻഡർ കലോത്സവം കോഴിക്കോട്ട് നടക്കുമെന്ന് മന്ത്രി ആർ ബിന്ദു

05 Aug 2025 13:07 IST

NewsDelivery

Share News :

കോഴിക്കോട് : ട്രാൻസ്ജെൻഡർ വ്യക്തികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിയ്ക്കപ്പെടുന്നുവെന്ന് ഉറപ്പാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരിക എന്നത് സാമൂഹികനീതി വകുപ്പിൻ്റെ സുപ്രധാന ലക്ഷ്യമാണ്. നിരവധി ക്ഷേമ പദ്ധതികൾ സാമൂഹ്യനീതി വകുപ്പ് ഇതിനായി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്.


സമൂഹത്തിൽ നിന്നും പിന്തള്ളപ്പെട്ടു പോയവരും ഒരു പരിധിവരെ വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കപ്പെട്ടവരുമായ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ദൃശ്യത വർദ്ധിപ്പിക്കുന്നതിനും അവരുടെ സർവ്വതോമുഖമായ പുരോഗതി ഉറപ്പുവരുത്തലിനും വേണ്ടിയാണ് അവരുടെ സർഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിയ്ക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കിക്കൊണ്ട് സംസ്ഥാനതലത്തിൽ ‘വർണ്ണപ്പകിട്ട്’ ട്രാൻസ്ജെൻഡർ കലോത്സവം ആരംഭിച്ചത്. പൊതുസമൂഹത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികളുടെ സ്വീകാര്യത വർദ്ധിപ്പിയ്ക്കുന്നതിന് വളരെയേറെ പ്രയോജനകരമായി വർണ്ണപ്പകിട്ട് ഉത്സവങ്ങൾ ഇക്കഴിഞ്ഞ വർഷങ്ങളിൽ മാറിയിട്ടുണ്ട്.


2025-2026 വർഷത്തെ വർണ്ണപ്പകിട്ട് ട്രാൻസ്ജെൻഡർ കലോത്സവം മുൻവർഷങ്ങളേക്കാൾ ആകർഷകമായി കൊണ്ടാടുകയാണ്. 2025 ഓഗസ്റ്റ് 21, 22, 23 തീയതികളിലായി കോഴിക്കോട് വേദിയായാണ് വർണ്ണപ്പകിട്ട് 2025 അരങ്ങേറുക.


കേരളത്തെപ്പോലെ, ട്രാൻസ്ജെൻഡർ പോളിസി നടപ്പിലാക്കിയിട്ടുള്ള സംസ്ഥാനങ്ങളിലെ പ്രതിനിധികളെയും മറ്റു വിഷയ വിദഗ്ദ്ധരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ദേശീയ സമ്മേളനം വർണ്ണപ്പകിട്ടിലെ മുഖ്യ പരിപാടികളിലൊന്നായി 21ന് നടക്കും. ട്രാൻസ്ജെൻഡർ/ക്വിയർ സംബന്ധിയായ വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകളും, ട്രാൻസ്ജെൻഡർ വിഷയം പ്രമേയമാക്കിയുള്ള ഫിലിം ഫെസ്റ്റിവലും അന്നുതന്നെ ഉണ്ടാവും. 22, 23 തീയതികളിൽ വിവിധ കലാവതരണങ്ങളോടെ ‘വർണ്ണപ്പകിട്ട്’ ഉത്സവവും അരങ്ങേറും.


ട്രാൻസ്ജെൻഡർ വ്യക്തികളുടെ ആരോഗ്യവും ക്ഷേമവും, വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും, സാമൂഹ്യനീതിയും മനുഷ്യ അവകാശങ്ങളും എന്നീ വിഷയങ്ങളിലുള്ള പാനൽ ചർച്ചയാണ് നാഷണൽ കോൺഫറൻസിന്റെ ഭാഗമായി നടക്കുക. പ്ലാസ്റ്റിക് ആൻഡ് കോസ്മെറ്റിക് സർജൻ ഡോ. നരേന്ദ്ര കൗശിക്, SHSRC എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിതേഷ്, കോട്ടയം മെഡിക്കൽ കോളേജ് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ലക്ഷ്മി, കേരളത്തിലെ ആദ്യ ഡെന്റിസ്റ്റും, പബ്ലിക് ഹെൽത്ത് വിദ്യാർത്ഥിയുമായ ഡോ. അനുരാധാകൃഷ്ണൻ, സാമൂഹ്യപ്രവർത്തകയായ അക്കായി പത്മശാലി, തമിഴ്നാട്ടിലെ ആദ്യ ട്രാൻസ്ജെൻഡർ അസിസ്റ്റന്റ് പ്രൊഫസർ ഡോ. എൻ ജെൻസി, ആദ്യ സബ് ഇൻസ്പെക്ടർ പ്രീതിക യാഷ്നി, കേരളത്തിലെ ആദ്യ ഗവേഷക വിദ്യാർത്ഥിയായ ഋതിഷ ഋതു, മനുഷ്യാവകാശ പ്രവർത്തകൻ സദ്ദാം ഹജ്ജമാം, എംജി യൂണിവേഴ്സിറ്റി ജെൻഡർ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ആരതി പി എം, സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം അർജുൻ ഗീത, കേരള നോളേജ് എക്കണോമി മിഷൻ ഡൈവേഴ്സിറ്റി ഇൻക്ലൂഷൻ മാനേജർ പ്രജിത്ത് പി കെ എന്നിവരാണ് പാനൽ ചർച്ചയുടെ ഭാഗമായി വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുക.


വർണ്ണപ്പകിട്ടിനോടനുബന്ധിച്ച് ഒരു ഷോർട്ട് ഫിലിം മത്സരം കൂടി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കും. കലോത്സവത്തോടനുബന്ധിച്ച് കല, കായികം, സാഹിത്യം വിദ്യാഭ്യാസം സംരംഭകത്വം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ്ജെൻഡർ വ്യക്തികൾക്കും, ഈ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സി ബി ഒ/ എൻ ജി ഒ കൾക്കും, ട്രാൻസ്ജെൻഡർ ക്ഷേമ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിച്ചു നടപ്പിലാക്കിയ തദ്ദേശ സ്ഥാപനങ്ങൾക്കും പുരസ്കാരങ്ങളും സമ്മാനിക്കാൻ തീരുമാനിച്ചിട്ടുണ്ട്.


കലോത്സവ മത്സരാർത്ഥികൾക്ക് ലഭിക്കുന്ന മാർക്കിൻ്റെ അടിസ്ഥാനത്തിൽ ഗ്രേഡിംഗ് നൽകുന്ന രീതിയിലാണ് ഈ വർഷത്തെ ട്രാൻസ്ജെൻഡർ കലോത്സവം. അതിനായി നിലവിലുള്ള കലോത്സവ മാന്വൽ പരിഷ്കരിച്ചിട്ടുണ്ട്.


സ്റ്റേജ് ഇനത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് ലഭിക്കുന്ന വ്യക്തിയെ ‘കലാരത്നം’ ആയും, സ്റ്റേജിതരയിനത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് ലഭിക്കുന്ന വ്യക്തിയെ ‘സർഗ്ഗപ്രതിഭ’ ആയും തിരഞ്ഞെടുക്കുന്ന വിധത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടാതെ, ഗ്രൂപ്പ്‌/വ്യക്തിഗതയിനങ്ങളിൽ എ ഗ്രേഡ് നേടുന്ന ടീമിന്/ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് യഥാക്രമം 7500/- രൂപ, 3000/- രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും നൽകും.


കലോത്സവത്തിന് മുന്നോടിയായി ഓഗസ്റ്റ് 21ന് വൈകീട്ട് വർണ്ണാഭമായ വിളംബരഘോഷയാത്ര നടക്കും. ഫ്ലാഷ് മോബ്, മറ്റ് അനുബന്ധ പരിപാടികൾ എന്നിവയും ഒരുക്കുന്നുണ്ട്.


പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ഏവരുടെയും സഹകരണവും പങ്കാളിത്തവും അഭ്യർത്ഥിക്കുന്നു. ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

Follow us on :

More in Related News