Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം പഴയ ബോട്ടുജെട്ടിക്ക് ഇനി പുതുമോടി; നവീകരണം മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാകും.

11 Aug 2025 17:30 IST

santhosh sharma.v

Share News :

വൈക്കം: സ്വാതന്ത്ര്യസമരത്തിന്റെയും വൈക്കം സത്യഗ്രഹത്തിന്റെയും സ്മരണകളുടെ പ്രതാപം പേറുന്ന വൈക്കം ബോട്ടുജെട്ടി പഴമയുടെ കാഴ്ചകൾ നിലനിർത്തിക്കൊണ്ടുതന്നെ പുതുമോടിയണിയുന്നു. 1925 മാർച്ചിൽ വൈക്കം സത്യഗ്രഹസമരത്തിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധി വൈക്കത്തെത്തിയത് ഇവിടെ ബോട്ട് ഇറങ്ങിയാണ്. മഹാത്മാഗാന്ധിയുടെ പാദസ്പർശമേറ്റ പഴയ ബോട്ടുജെട്ടി സംരക്ഷിച്ച് നിർത്തുന്നതിന്റെ ഭാഗമായുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിവരികയാണ്. മേജർ ഇറിഗേഷൻ വകുപ്പിന്റെ പ്രത്യേകപദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം. പഴമ നിലനിർത്തിക്കൊണ്ടുള്ള പ്രവൃത്തികളാണ് നടപ്പാക്കുന്നത്. നിലവിൽ തറയുടെ നിർമാണജോലികളാണ് പുരോഗമിക്കുന്നത്. വേലിയേറ്റസമയത്ത് വെള്ളം കയറാതിരിക്കാനായി തറ അൽപംകൂടി ഉയർത്തിയിട്ടുണ്ട്. തേക്ക്, ആഞ്ഞിലി തടികളുപയോഗിച്ചായിരുന്നു പഴയ ബോട്ടുജെട്ടിയുടെ നിർമാണം; മേൽക്കൂര ആഞ്ഞിലികൊണ്ടും ഭിത്തി തേക്കിന്റെ പലകകൾ കൊണ്ടും. മേൽക്കൂരയുടെ കഴുക്കോൽ കേടുവന്ന ഭാഗങ്ങൾ മാറ്റി ആഞ്ഞിലിത്തടി കൊണ്ടുതന്നെ പുനർനിർമിച്ചു ഷീറ്റ് ഇട്ടു. ഭിത്തി തേക്കിന്റെ പലകകൾ ഉപയോഗിച്ച് നവീകരിക്കും. നിലവിൽ മേൽക്കൂര നവീകരണവും ഭിത്തി ബലപ്പെടുത്താനായി നെറ്റും എംസാൻഡും ഉപയോഗിച്ച് തേക്കുന്ന ജോലികളും പൂർത്തിയായി. നവീകരണത്തിന്റെ ഭാഗമായി എടുത്തുമാറ്റിയ തിരുവിതാംകൂറിന്റെ രാജമുദ്ര പതിപ്പിച്ച പലകയും പുനഃസ്ഥാപിച്ചു. 2020ൽ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പ്ലാറ്റ്‌ഫോം നവീകരിച്ചിരുന്നു. പഴയ ബോട്ടുജെട്ടിയ്ക്കു സമീപംതന്നെ പുതിയ കെട്ടിടം പണിത് 2011 ഫെബ്രുവരി 11 ന് പ്രവർത്തനം അങ്ങോട്ടുമാറ്റി. അവിടെനിന്നാണിപ്പോൾ തവണക്കടവിലേക്കുള്ള ബോട്ടുകൾ സർവ്വീസ് നടത്തുന്നത്. മൂന്നുമാസത്തിനുള്ളിൽ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു.



Follow us on :

More in Related News