Tue Dec 12, 2023 10:56 PM 1ST

Sign In

ദേശീയപാത 66: യാത്രായോഗ്യമല്ലാത്ത എൻഎച്ച് 66 ഹൈവേയിൽ ടോൾ പിരിവ് അവസാനിപ്പിക്കണം: മലബാർ ഡെവലപ്മെൻറ് കൗൺസിൽ.

24 Nov 2026 17:27 IST

Jithu Vijay

Share News :

 കോഴിക്കോട് : ദേശീയപാത 66-ൽ ടോൾ പ്ലാസയിൽ ടോൾ നൽകി ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്ക് ഉടൻതന്നെ സർവീസ് റോഡിലേക്കും അവിടെനിന്ന് തകർന്ന പഴയ റോഡിലേക്കും വഴിതിരിച്ചുവിടപ്പെടുന്ന ദുരവസ്ഥയാണ് പല ഭാഗങ്ങളിലും അനുഭവപ്പെടുന്നത്. ഏറെ ദൂരം ഇത്തരത്തിൽ സഞ്ചരിച്ചശേഷം മാത്രമാണ് വീണ്ടും ദേശീയപാതയിലേക്ക് പ്രവേശിക്കാൻ കഴിയുന്നത്.

ടോൾ പിരിവിന്റെ പേരിൽ യാത്രക്കാരിൽനിന്ന് വലിയ തുക ഈടാക്കുമ്പോൾ അതിനനുസൃതമായ സുരക്ഷിതവും സുഗമവുമായ യാത്രാസൗകര്യം ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്തമാണ്.


ദേശീയപാതയുടെ പ്രധാന പാത മാത്രമല്ല, സർവീസ് റോഡുകൾ, പ്രവേശന-പുറത്തിറക്ക സൗകര്യങ്ങൾ, പാലങ്ങൾ, തെരുവുവിളക്കുകൾ, മുന്നറിയിപ്പ് ബോർഡുകൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയും യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പൂർത്തീകരിക്കുകയും പരിപാലിക്കുകയും വേണം.

അപകടസാധ്യതയുള്ളതും തകർന്നതുമായ റോഡുകളിലൂടെ യാത്രക്കാരെ തിരിച്ചുവിട്ട് അതേസമയം പൂർണമായ ടോൾ നിരക്ക് ഈടാക്കുന്നത് നീതീകരിക്കാനാവില്ല.



 ദേശീയപാത 66-ന്റെ വിവിധ ഭാഗങ്ങളിൽ യഥാർത്ഥ യാത്രാസാഹചര്യം അടിയന്തരമായി പരിശോധിക്കുക.

ടോൾ പിരിവിന് അടിസ്ഥാനമായ പൂർത്തീകരണ-സുരക്ഷാ സർട്ടിഫിക്കറ്റുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക.


തകർന്ന സർവീസ് റോഡുകളും വഴിതിരിച്ചുവിടുന്ന റോഡുകളും അടിയന്തരമായി ഗതാഗതയോഗ്യമാക്കുക

ദേശീയപാതയുടെ നിർമാണവും അനുബന്ധ സൗകര്യങ്ങളും പൂർത്തിയാകാത്ത ഭാഗങ്ങളിൽ നിയമാനുസൃതമായ പരിശോധന നടത്തി ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കുകയോ ന്യായമായ ഇളവ് അനുവദിക്കുകയോ ചെയ്യുക.

പൂർത്തിയായ ഭാഗത്തിനുള്ള ടോൾ മാത്രമാണ് ഈടാക്കുന്നതെങ്കിൽ അതിന്റെ ദൂരവും നിരക്ക് കണക്കാക്കിയ രീതിയും വ്യക്തമാക്കുക.


യാത്രക്കാരുടെ പരാതികൾ പരിഹരിക്കുന്നതിന് സ്വതന്ത്ര സാങ്കേതിക പരിശോധനയും പൊതുജന പങ്കാളിത്തത്തോടെയുള്ള പരിശോധനാ സംവിധാനവും ഏർപ്പെടുത്തുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുമെന്ന് എം ഡി സി പ്രസിഡൻറ് ഷേവലിയാർ സി ഇ ചാക്കുണ്ണി പ്രസ്താവിച്ചു


ദേശീയപാത വികസനം ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം നൽകാനാണ്; യാത്രാദുരിതം വർധിപ്പിക്കാനല്ല എന്നും യാത്രക്കാരിൽനിന്ന് ടോൾ ഈടാക്കുന്നതിന് മുമ്പ് അവർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കണമെന്നതാണ് കൗൺസിലിന്റെ ആവശ്യം എന്നും ചാക്കുണ്ണി കൂട്ടിച്ചേർത്തു.


Follow us on :

More in Related News