Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2025 23:10 IST
Share News :
വൈക്കം: വൈക്കം സത്യഗ്രഹ ഭൂമിയെ ചുവപ്പണിയിച്ച് റെഡ് വാളണ്ടിയർ മാർച്ചോടെ 3 ദിവസം നീണ്ട് നിൽക്കുന്ന സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന് മുന്നോടിയായി വനിതകളടക്കം നൂറ് കണക്കിന് ചുവപ്പ് സേനാംഗങ്ങൾ മാർച്ചിൽ അണിനിരന്നു. ബോട്ട് ജെട്ടിമൈതാനിയിലെ പൊതുസമ്മേളന വേദിയായ കാനം രാജേന്ദ്രൻ നഗറിൽ മാർച്ച് എത്തിച്ചേർന്നപ്പോൾ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സല്യൂട്ട് സ്വീകരിച്ചു. കേരളം ഇന്ന് സ്വന്തമാക്കിയ എല്ലാ നേട്ടങ്ങളുടെയും വിത്തുപാകിയത് സി.പി.ഐ നേതൃത്വം നൽകിയ ഇടതുപക്ഷ ഗവൺമെൻ്റാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ നേതാവ് സി. അച്യുതമേനോനായിരുന്നു അന്ന് മുഖ്യമന്ത്രി. 1969 ലേയും 70 ലേയും സർക്കാരുകളായിരുന്നു അത്. ഇടതിൻ്റെ ചരിത്രം പറയുന്നവർ കേരളത്തിൻ്റെ ഈ സുവർണ്ണകാലത്തെ മനപ്പൂർവ്വം വിസ്മരിക്കുന്നുവെന്നും ഇന്ത്യയിൽ ജന്മിത്വത്തിൻ്റെ വേരറുത്ത എക സംസ്ഥാനം കേരളമാണെന്നും അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് അതെന്നും അദ്ദേഹം പറഞ്ഞു. കേരളം ഇന്നും ഹരിത കേരളമായി തുടരുന്നതിന് വഴിയൊരുക്കി സ്വകാര്യ മേഖലയിലായിരുന്ന ലക്ഷക്കണക്കിന് ഏക്കർ വനഭൂമി ഒരു രൂപ പോലും പ്രതിഫലം നൽകാതെ ഏറ്റെടുത്ത് ജനങ്ങളുടേതാക്കിയത് അച്യുതമേനോൻ്റെ കാലത്താണെന്നും, ആ സർക്കാരുകൾ ഇടതുപക്ഷമല്ലെന്ന് പറയുന്നതിന് പിന്നിൽ ഭിന്നിപ്പിൻ്റെ സ്വരമാണെന്നും അത് മാറേണ്ട കാലം കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി അഡ്വ.വി.ബി. ബിനു അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജൻ, അഡ്വ. ആർ. രാജേന്ദ്രൻ, സി.കെ. ശശിധരൻ, ടി.വി. ബാലൻ, ആർ. സുശീലൻ, ലീനമ്മ ഉദയകുമാർ, അഡ്വ. കെ.എം. സന്തോഷ്കുമാർ. ജോൺ വി. ജോസഫ്, മോഹൻ ചേന്ദംകുളം, ഒ. പി. എ സലാം,ടി.എൻ. രമേശൻ, കെ. അജിത്ത് എക്സ് എം.എൽ.എ, സി.കെ. ആശ എം.എൽ.എ, .ഡി. ബാബുരാജ്, സാബു.പി. മണലൊടി തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി കാനം സ്മൃതി മണ്ഡപത്തിൽ നിന്നുള്ള പതാക ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനുവും കോട്ടയത്ത് എൻ.കെ.സാനുജന്റെ സ്മൃതി മണ്ഡപത്തിൽ നിന്നുള്ള ബാനർ ഇ.എൻ.ദാസപ്പനും കുറവിലങ്ങാട് എൻ.എം.മോഹനന്റെ സ്മൃതി മണ്ഡപത്തിൽ നിന്നുള്ള ബാനർ ലീനമ്മ ഉദയകുമാറും വൈക്കപ്രയാർ ലൈലാ രാധാകൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ നിന്നുള്ള കൊടിമരം ടി.എൻ.രമേശനും ഏറ്റുവാങ്ങി സമ്മേളന നഗരിയിൽ എത്തിച്ചു. തുടർന്ന് സംഘാടകസമിതി പ്രസിഡന്റ് ജോൺ.വി.ജോസഫ് പതാക ഉയർത്തി. പൊതുസമ്മേളനത്തിന് ശേഷം വൈക്കം ഇപ്റ്റയുടെ വയലാർ ഗാനസന്ധ്യ നടന്നു.
Follow us on :
Tags:
More in Related News
Please select your location.