Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ തിരക്കിട്ട ചർച്ചകൾ; പരിഗണനയിൽ രണ്ട് മന്ത്രിമാരും സ്പീക്കറും

10 Feb 2025 11:02 IST

Shafeek cn

Share News :

മണിപ്പൂരില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബിജെപി തിരക്കിട്ട ചര്‍ച്ചകളില്‍. മൂന്ന് പേരെയെയാണ് പ്രധാനമായും ബിജെപി പരിഗണിക്കുന്നത്. മന്ത്രിമാരായ വൈ ഖേംചന്ദ് സിങ്, ടി ബിശ്വജിത് സിങ് എന്നിവരും സ്പീക്കര്‍ സത്യബ്രത സിംഗുമാണ് പരിഗണനയിലുള്ളത്. സഖ്യകക്ഷികളായ എന്‍പിപി, എന്‍പിഎഫ് എന്നിവരുമായി ബിജെപി ചര്‍ച്ച തുടങ്ങി. അതേസമയം ബീരേന്‍ സിങ്ങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


ഇന്നലെയാണ് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചത്. കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം ബിരേന്‍ സര്‍ക്കാരിനെതിരെ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ നീക്കത്തിന് ഭരണകക്ഷി എംഎല്‍എമാരില്‍ നിന്നും പിന്തുണ ലഭിച്ചേക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം ബിരേന്‍ സിങ്ങിന് തിടുക്കത്തില്‍ രാജിക്കുള്ള നിര്‍ദേശം നല്‍കിയത്.


കലാപം തുടങ്ങി ഇരുപത്തിയൊന്ന് മാസം പിന്നിടുമ്പോഴാണ് ബിരേന്‍ സിങിന്റെ രാജി. മണിപ്പൂരില്‍ കലാപം ആളിക്കത്തിച്ചത് ബീരേന്‍ സിങ്ങാണ് എന്ന ആരോപണം തുടക്കം മുതല്‍ ശക്തമായിരുന്നു. ബീരേന്‍ സിങ്ങിന് കലാപത്തില്‍ പങ്കുണ്ടോ എന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്ന അധ്യക്ഷനായ ബഞ്ച് പരിഗണിക്കുന്നുണ്ട്. ബീരേന്‍ സിങ്ങിന്റെ ചില ഓഡിയോ ക്‌ളിപ്പുകളുടെ ഫോറന്‍സിക്ക് പരിശോധനഫലം വാരാനിരിക്കെ കൂടിയാണ് രാജിയിലേക്ക് കാര്യങ്ങള്‍ എത്തുന്നത്.


ബീരേന്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തിയപ്പോഴും മോദിയും അമിത് ഷായും ബീരേനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഒടുവില്‍ ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് നാടകീയമായി രാജി പ്രഖ്യാപിച്ചത്. ഡല്‍ഹി തിരഞ്ഞെടുപ്പ് വിജയത്തില്‍ പാര്‍ട്ടി തിളങ്ങി നില്‍ക്കവേ മണിപ്പൂരില്‍ അവിശ്വാസ പ്രമേയം പാസായാല്‍ അത് വലിയ ക്ഷീണമാകും എന്നത് മുന്നില്‍ കണ്ടാണ് രാജി വയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചത്. മണിപ്പൂരിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ ബിജെപി നേതാവ് സംപീത് പാത്ര ഇംഫാലില്‍ തങ്ങുന്നുണ്ട്.


Follow us on :

More in Related News