Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

06 Jan 2026 17:58 IST

NewsDelivery

Share News :

കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു. ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ആരോഗ്യനില വഷളായി. ചൊവ്വാഴ്ച വൈകീട്ടോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

മുസ്‌ലിംലീഗിന്റെ മധ്യകേരളത്തിലെ സമുന്നതനായ നേതാവായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞ്. 1952-ൽ യു.വി. ഖാദറിന്റെയും ചിത്തുമ്മയുടെയും മകനായി ആലുവ കൊങ്ങോരപ്പള്ളിയിലാണ് ജനനം. എംഎസ്എഫിലൂടെയും മുസ്‌ലിം യൂത്ത് ലീഗിലൂടെയുമായിരുന്നു രാഷ്ട്രീയപ്രവേശം. 2001-ൽ മട്ടാഞ്ചേരി നിയോജകമണ്ഡലത്തിൽനിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 2006-ൽ വീണ്ടും മട്ടാഞ്ചേരിയിൽനിന്ന് എംഎൽഎയായി. 2011-ലും 2016-ലും കളമശ്ശേരിയിൽനിന്നും നിയമസഭയിലെത്തി.


2005-ൽ പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെയാണ് വി.കെ. ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്. പിന്നീട് 2011-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. ഇക്കാലയളവിൽ നടന്ന പാലാരിവട്ടം പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പിന്നീട് അദ്ദേഹത്തിനെതിരേ അഴിമതിക്കേസ് ഉണ്ടായി. പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞും പ്രതിയായി.


മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പാലക്കാമുഗൾ ജുമാ മസ്ജിദിൽ എത്തിക്കും. ഇതിനുശേഷം സൗത്ത് കളമശ്ശേരി ഞാലകം കൺവൻഷൻ സെന്ററിൽ പൊതുദർശനമുണ്ടാകും. രാത്രി ഒൻപതുമണിയോടെ ആലങ്ങാട് ചിറയത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം ബുധനാഴ്ച രാവിലെ പത്തുമണിക്ക് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


നദീറയാണ് ഭാര്യ. അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ, അബ്ബാസ്, അനൂബ് എന്നിവർ മക്കളാണ്. മകനായ വി.ഇ. അബ്ദുൾ ഗഫൂർ 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കളമശ്ശേരി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു.

Follow us on :

More in Related News