Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2025 17:49 IST
Share News :
കോഴിക്കോട്∙ അധ്യാപകനും എഴുത്തുകാരനുമായ ഡോ.കെ.ടി.വർക്കി (77) അന്തരിച്ചു. മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. കൂത്തുപറമ്പ് നിർമലഗിരി കോളജിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനും മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളജ്, കോയമ്പത്തൂർ സിഎംഎസ് കോളജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലുമായിരുന്നു.
ഓൾ ഇന്ത്യ പ്രിൻസിപ്പൽസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി, ഭാരതിയാർ സർവകലാശാല സെനറ്റ് അംഗം, നാക് പിയർ ടീം അംഗം, യുജിസി വിദഗ്ധ സമിതി അംഗം, കണ്ണൂർ സർവകലാശാല പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, സോഷ്യൽ സയൻസ് ഫാക്കൽറ്റി അംഗം, കാലിക്കറ്റ് സർവകലാശാല എൻഎസ്എസ് പ്രോഗ്രാം കോഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വി.കെ.കൃഷ്ണ മേനോനും ഇന്ത്യയുടെ വിദേശനയവും, പൊളിറ്റിക്കൽ തിയറി എന്നിങ്ങനെ ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവാണ്. പൊളിറ്റിക്കൽ സയൻസ്, ഇന്റർനാഷനൽ റിലേഷൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഷയങ്ങളിൽ വിവിധ സർവകലാശാലകൾക്കായി പഠനപുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനാ അംഗമായി 1971ലെ യുദ്ധത്തിൽ പങ്കെടുത്തതിന് ചീഫ് ഓഫ് എയർ സ്റ്റാഫിന്റെ പ്രശംസാപത്രം ലഭിച്ചിട്ടുണ്ട്.
പേരാമ്പ്ര പന്തീരിക്കര കുന്നത്ത് കുടുംബാംഗമാണ്. ഭാര്യ സിസിലി വർക്കി. മക്കൾ: ദീപക് വർക്കി (ദുബായ്), മിഥുൻ വർക്കി (ഹോങ്കോങ്). മരുമക്കൾ: സബി, ജിജിത. ആദ്യ ഭാര്യ എലമ്മ വർക്കി 2012ൽ മരണമടഞ്ഞിരുന്നു. സഹോദരങ്ങൾ: കെ.ടി.ജോസഫ്, പരേതരായ കെ.ടി.ചാക്കോ, കെ.ടി.മാത്യു, മറിയക്കുട്ടി, ത്രേസ്യാമ്മ. സംസ്കാരം ഇന്ന് നാലിന് പടത്തുകടവ് ഹോളി ഫാമിലി പള്ളിയിൽ.
Follow us on :
More in Related News
Please select your location.