Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉഷ്ണ തരംഗ ലഘൂകരണം - ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി

01 Mar 2025 11:40 IST

Jithu Vijay

Share News :

മലപ്പുറം : ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ 37 ഡിഗ്രിയിലധികം താപനില ഉയരുകയും തീപിടുത്തവും ജലദൗർലഭ്യവും ഉഷ്ണ കാലവുമായി ബന്ധപ്പെട്ട മറ്റു പ്രതിസന്ധികളും നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. കാട്ടുതീ തടയുന്നതിനായി ഫയർഫോഴ്സിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഫയർ ബീറ്റർ നിർമ്മിക്കാനും ഇതിനു വൻതോതിൽ പ്രചാരണം നൽകാനും തീരുമാനിച്ചു. മാലിന്യ സംഭരണ കേന്ദ്രങ്ങളിലെ തീപിടുത്തം തടയുന്നതിന് എം സി എഫ്, ആർ ആർ എഫ്, ലഗസി ഡംപ് സെറ്റുകൾ എന്നിവയുടെ സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. 


പൊതുസ്ഥലങ്ങളിലെ അഗ്നിബാധ തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കും. തീപിടുത്ത സാധ്യതയെ പ്രതിരോധിക്കുന്നതിനായി ഫയർഫോഴ്സിന്റെ സഹകരണത്തോടെ മോക് ഡ്രില്ലുകൾ സംഘടിപ്പിക്കും. 


എല്ലാ തദ്ദേശ സ്ഥാപനങ്ങളും വേനൽക്കാല ജലവിതരണത്തിനായി ശുദ്ധജല സ്രോതസ്സുകൾ കണ്ടെത്തുകയും കുടിവെള്ള വിതരണത്തിനായി ജിപിഎസ് സംവിധാനം ഘടിപ്പിച്ച വാഹനങ്ങൾ ഉപയോഗിക്കുകയും വേണം. വാട്ടർ അതോറിറ്റി ഒഴികെയുള്ള കുടിവെള്ള സ്രോതസ്സുകൾക്ക് ഫുഡ് സേഫ്റ്റി നിയമപ്രകാരം എഫ് ബി ഒ ലൈസൻസ് ഉറപ്പുവരുത്തണം. ജല വിതരണത്തിനിടയിൽ പൈപ്പുകൾ പൊട്ടി ജലം പാഴാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. വനത്തിനുള്ളിൽ വന്യജീവികൾക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം എന്നിവ ഉണ്ടായിരിക്കണം.

 

 ഉഷ്ണകാല രോഗങ്ങൾ, സൂര്യാഘാതം എന്നിവയെ സംബന്ധിച്ചുള്ള ബോധവൽക്കരണങ്ങൾ പൊതുജനങ്ങൾക്കും സ്കൂളുകളിലും ആരോഗ്യ കേന്ദ്രങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവ മുഖേന നൽകണം. സൂര്യാഘാത ലക്ഷണങ്ങളുമായി വരുന്ന രോഗികളെ പ്രത്യേകം ശ്രദ്ധിക്കുകയും അത്തരം കേസുകൾ ജില്ലാദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് ചെയ്യുകയും വേണം.


ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വെയിലത്ത് ജോലി ചെയ്യരുത്. സ്കൂളുകളിൽ കുട്ടികളെ വെയിലത്ത് നിർത്തിയുള്ള അസംബ്ലികൾ, ഘോഷയാത്രകൾ, കായിക വിനോദങ്ങൾ തുടങ്ങിയവ ഒഴിവാക്കണം. മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാട്ടർബെൽ സമ്പ്രദായം ഉറപ്പുവരുത്തണമെന്ന് കളക്ടർ നിർദേശിച്ചു. വേനലവധിക്കാലത്ത് കുട്ടികൾ ജലാശയങ്ങളിൽ പോകുന്നതിനെ തുടർന്നുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി സ്കൂൾ അസംബ്ലിയിൽ ബോധവൽക്കരണം നൽകണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

Follow us on :

More in Related News