Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിൽ ആദ്യമായി ഓണം മെനുവുമായി ടാറ്റാ സ്റ്റാർബക്സ്

18 Aug 2026 10:56 IST

രെഹ്ന

Share News :

കൊച്ചി:പരമ്പരാഗത കേരളീയ രുചികൾക്ക് പുതിയ മുഖം നൽകിക്കൊണ്ട് ടാറ്റ കൺസ്യൂമർ പ്രോഡക്ട്സിന്റെയും സ്റ്റാർബക്സിന്റെയും സംയുക്ത സംരംഭമായ ടാറ്റ സ്റ്റാർബക്സ് സംസ്ഥാനത്ത് ആദ്യമായി ഓണം പ്രമേയമാക്കിയ പ്രത്യേക മെനു അവതരിപ്പിച്ചു.


ഓഗസ്റ്റ് 16 മുതൽ 26 വരെ കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ഒമ്പത് സ്റ്റാർബക്സ് സ്റ്റോറുകളിലാണ് ഈ ലിമിറ്റഡ് എഡിഷൻ ഓണം മെനു ലഭ്യമാകുന്നത്. കേരളത്തിന്റെ പാചക പാരമ്പര്യത്തിലെ പരിചിതമായ രുചികൾക്ക് സമകാലികമായ രൂപം നൽകുന്ന ഈ മെനുവിൽ നേന്ത്രപ്പഴം, ചക്ക, അവിയൽ, ഇഞ്ചിപ്പുളി, ശർക്കര തുടങ്ങിയ തനത് ചേരുവകളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.


ഇതിന്റെ ഭാഗമായി മൂന്ന് പ്രധാന വിഭവങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സീസണൽ പച്ചക്കറികൾ ചേർത്ത അവിയലിനൊപ്പം മധുരവും പുളിയും കലർന്ന ഇഞ്ചിപ്പുളി സോസ് ചേർത്ത 'അവിയൽ ഇഞ്ചിപ്പുളി റാപ്പ്', കേരളശൈലിയിൽ വറുത്തെടുത്ത കോഴിയിറച്ചി പച്ചിലകൾക്കൊപ്പം പൊറോട്ടയിൽ പൊതിഞ്ഞ 'പൊരിച്ച കോഴി റാപ്പ്', കേരളീയ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് വറുത്തെടുത്ത കോഴിയിറച്ചി നിറച്ച 'നാടൻ കോഴി പഫ്' എന്നിവയാണ് പ്രധാന ഭക്ഷണവിഭവങ്ങൾ.


ഇതിനുപുറമെ, നേന്ത്രപ്പഴവും ശർക്കരയും ചക്കയും കൊണ്ടുള്ള മധുരപലഹാരങ്ങളും ഈ മെനുവിന്റെ പ്രത്യേകതയാണ്. നേന്ത്രപ്പഴം, നെയ്യ്, ശർക്കര എന്നിവ ചേർത്ത മിശ്രിതം പേസ്ട്രിയിൽ നിറച്ച 'നേന്ത്രപ്പഴം ശർക്കര തേങ്ങാ സ്ട്രൂഡൽ', പഴുത്ത നേന്ത്രപ്പഴവും ശർക്കരയും ചേർത്ത 'നേന്ത്രപ്പഴം ശർക്കര ലോഫ് കേക്ക്', സ്പോഞ്ച് കേക്കിനുള്ളിൽ ചക്ക ക്രീം നിറച്ച 'ചക്ക സ്വിസ് റോൾ' എന്നിവയും ഇതിൽ ഉൾപ്പെടുന്നു.


പഴുത്ത ചക്കയുടെ സ്വാഭാവിക തേൻ മധുരവും കറുവപ്പട്ടയുടെ സുഗന്ധവും ചേർന്ന 'ചക്ക ഫ്ലാറ്റ് വൈറ്റ്', സ്റ്റാർബക്സിന്റെ സിഗ്നേച്ചർ കോൾഡ് ബ്രൂവിൽ ചക്കയുടെ രുചി ചേർത്ത 'ചക്ക കോൾഡ് ബ്രൂ' എന്നീ രണ്ട് പ്രത്യേക പാനീയങ്ങളും ഈ ഓണം മെനുവിന് മാറ്റുകൂട്ടുന്നു. ഈ ലിമിറ്റഡ് എഡിഷൻ മെനു ഓഗസ്റ്റ് 16 മുതൽ 26 വരെയുള്ള 11 ദിവസത്തേക്ക് മാത്രമാണ് ലഭ്യമാകുന്നത്.

Follow us on :

More in Related News