Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2025 10:44 IST
Share News :
ചാത്തന്നൂർ: സര്‍ഗവസന്തം പെയ്തിറങ്ങിയ ദിനത്തില്‍ കുടുംബശ്രീ ആറാമത് സംസ്ഥാന ബഡ്സ് കലോത്സവം 'തില്ലാന 2025'ന് തിരിതെളിഞ്ഞു. കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന പ്രൗഢമായ ചടങ്ങ് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ കലോത്സവങ്ങളുടെ പ്രാധാന്യത്തിലേക്ക് ബഡ്‌സ് കലോത്സവം മാറുന്നുവെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി കുട്ടികള്‍ പലവിധ കഴിവുകളുള്ളവരാണെന്നും പല കാര്യങ്ങളിലും മറ്റുള്ളവരേക്കാള്‍ മുന്നിലാണെന്നും സമൂഹത്തിന് മുന്നില്‍ അടയാളപ്പെടുത്താന്‍ ഈ കലോത്സവം കൊണ്ടാവുന്നു. പരിമിതികള്‍ അതിജീവിച്ച് മുന്നോട്ടുപോകാന്‍ ഇത് ഊര്‍ജം പകരുമെന്നും മന്ത്രി പറഞ്ഞു.
ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. കുട്ടികളെ ഇത്തരം കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍ പ്രാപ്തരാക്കി എന്നതാണ് ബഡ്‌സ് സംവിധാനത്തിന്റെ നേട്ടമെന്നും ഇവര്‍ക്ക് കഴിവ് കൂടുതലുണ്ടെന്ന് സമൂഹം കണ്ടെത്തുക എന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
കലോത്സവ സപ്ലിമെന്റ് മന്ത്രി ബാലഗോപാലിന് നല്‍കി എം. നൗഷാദ് എം.എല്‍.എ പ്രകാശനം ചെയ്തു. എം. മുകേഷ് എം.എല്‍.എ സ്വാഗതം പറഞ്ഞു. മേയര്‍ പ്രസന്ന ഏണസ്റ്റ് മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപന്‍, കോര്‍പറേഷന്‍ സ്ഥിരസമിതി അധ്യക്ഷരായ ഗീതാ കുമാരി, എസ്. ജയന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഹണി ബെഞ്ചമിന്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ. ബി. ശ്രീജിത്ത്, സി.ഡി.എസ് അധ്യക്ഷരായ സുജാത രതികുമാര്‍, സിന്ധു വിജയന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ആര്‍. വിമല്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഉജ്വല ബാല്യം പുരസ്‌കാരം നേടിയ വി.ജെ. അജു, ശ്രുതി സാന്ദ്ര എന്നിവര്‍ക്ക് ഉപഹാരം നല്‍കി.
സമാപന സമ്മേളനം ഇന്ന് വൈകീട്ട് 3.30ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് എന്നിവര്‍ മുഖ്യാതിഥികളാകും.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ബഡ്സ് സ്‌കൂളിലെയും ബഡ്സ് പുനരധിവാസ കേന്ദ്രത്തിലെയും കുട്ടികളാണ് അഞ്ച് വേദികളിലായി അരങ്ങേറുന്ന കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ജില്ലാതല മത്സരങ്ങളില്‍ വിജയികളായ 450ലേറെ മത്സരാര്‍ത്ഥികളാണ് 22 ഇനങ്ങളിലായി മാറ്റുരക്കുന്നത്.
Follow us on :
More in Related News
Please select your location.