Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2025 08:24 IST
Share News :
ചാത്തന്നൂർ:ഭാവരാഗ താളങ്ങള്‍ സമന്വയിക്കുന്ന സര്‍ഗവേദിയില്‍ കലയുടെ പുതവസന്തങ്ങള്‍ വിരിയിച്ച് കുടുംബശ്രീ ആറാമത് സംസ്ഥാനതല ബഡ്‌സ് കലോത്സവം 'തില്ലാന' 2025-ന് ഇന്ന് (ജനുവരി ഒമ്പത്) കൊടിയേറും. കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ വൈകിട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. എം.മുകേഷ് എം.എല്‍.എ സ്വാഗതം പറയും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ പദ്ധതി വിശദീകരിക്കും. മേയര്‍ ഏണസ്റ്റ് പ്രസന്ന മുഖ്യ പ്രഭാഷണം നടത്തും. എം.നൗഷാദ് എം.എല്‍.എ ബഡ്‌സ് തീം ഉല്‍പന്ന വിപണന സ്റ്റാള്‍ ഉദ്ഘാടനം ചെയ്യും.
വേദി ഒന്ന്-മഞ്ഞ്, വേദി രണ്ട്-രംഗം, വേദി മൂന്ന്-സുകൃതം, വേദി നാല്-കടവ്, വേദി അഞ്ച്-കളിവീട് എന്നിങ്ങനെയാണ് മത്സരങ്ങള്‍. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ബഡ്‌സ് സ്‌കൂളിലെയും 18 വയസു കഴിഞ്ഞവരുടെ പകല്‍പരിപാലനത്തിനായുള്ള ബഡ്‌സ് പുനരധിവാസ കേന്ദ്രത്തിലെയും ഉള്‍പ്പെടെ കുടുംബശ്രീ ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളാണ് പങ്കെടുക്കുക. ജില്ലാതല മത്സരങ്ങളില്‍ വിജയികളായ കുട്ടികളാണ് സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്. 14 ജില്ലകളില്‍ നിന്നായി 450-ലേറെ മത്സരാര്‍ത്ഥികള്‍ പ്രതിഭയുടെ മാറ്റുരയ്ക്കാന്‍ എത്തിയിട്ടുണ്ട്.
എം.എല്‍.എമാരായ പി.എസ് സുപാല്‍, കോവൂര്‍ കുഞ്ഞുമോന്‍, ജി.എസ് ജയലാല്‍, പി.എസ് വിഷ്ണുനാഥ്, സി.ആര്‍ മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപന്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ.അനില്‍ എസ്.കല്ലോലിഭാഗം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഡോ.സി.ഉണ്ണിക്കൃഷ്ണന്‍, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ ഗീതാ കുമാരി, എസ്.ജയന്‍, അഡ്വ.എ.കെ സവാദ്, വാര്‍ഡ് കൗണ്‍സിലര്‍ ഹണി ബഞ്ചമിന്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത്, സി.ഡി.എസ് അധ്യക്ഷമാരായ സുജാത രതികുമാര്‍, സിന്ധു വിജയന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍ ആര്‍ നന്ദി പറയും.
അരങ്ങിലും അണിയറയിലും ഇനി രണ്ടു നാള്‍ സര്‍ഗോത്സവത്തിന്റെ മേളം
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആറാമത് ബഡ്‌സ് കലോത്സവം 'തില്ലാന' 2025' ഇനിയുള്ള രണ്ട് നാള്‍ അരങ്ങിലും അണിയറയിലും സര്‍ഗോത്സവത്തിന്റെ നവ്യമേളങ്ങളുയര്‍ത്തും. 14 ജില്ലകളില്‍ നിന്നായി 450-ലേറെ മത്സരാര്‍ഥികളാണ് പ്രതിഭയുടെ മാറ്റുരയ്ക്കാന്‍ എത്തിയിട്ടുള്ളത്. ബഡ്‌സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിച്ച് അവരുടെ ബൗദ്ധിക വികാസം ലക്ഷ്യമിട്ടാണ് ബഡ്‌സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സ്റ്റേജ്-സ്റ്റേജ് ഇതര ഇനങ്ങളിലായി ആകെ 22 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.
നിലവില്‍ സംസ്ഥാനമൊട്ടാകെ 166 ബഡ്‌സ് സ്‌കൂളുകളും 212 ബഡ്‌സ് പുനരധിവാസ കേന്ദ്രങ്ങളും ഉള്‍പ്പെടെ 378 ബഡ്‌സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ടാണ് ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. ഈ സ്ഥാപനങ്ങളിലൂടെ 13081 പരിശീലനാര്‍ഥികള്‍ക്ക് അവരുടെ ദൈനംദിന ജീവിതം, പുനരധിവാസം, തൊഴില്‍ പരിശീലനം എന്നിവയ്ക്ക് കുടുംബശ്രീ പിന്തുണ നല്‍കുന്നു. റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ രജിസ്‌ട്രേഷനോടൊപ്പം ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും പ്രത്യേക യോഗ്യത നേടിയ അധ്യാപകരുടെ സേവനവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
Follow us on :
More in Related News
Please select your location.