Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2025 19:30 IST
Share News :
കടുത്തുരുത്തി: വൈദ്യുതി സുരക്ഷയേപ്പറ്റി കാര്യമായ അവബോധം സമൂഹത്തിൽ, പ്രത്യേകിച്ച് സ്‌കൂളുകളിൽ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി എനർജി മാനേജ്‌മെന്റ് സെന്റർ കേരളയും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പും ചേർന്ന് 'വൈദ്യുത സുരക്ഷയും ഊർജ്ജ സംരക്ഷണവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാല ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ വി കെ പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു.
ജൂലൈ 17ന് കൊല്ലം തേവരക്കരയിലെ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ മിഥുൻ വൈദ്യുതാഘാതമേറ്റു മരണപ്പെട്ട സംഭവം എല്ലാവരുടെയും മനസ്സിൽ ഒരു നോവായി അവശേഷിക്കുന്നുണ്ട്. അത്തരം ഒരു ദുരന്തം ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. സുരക്ഷാ ക്രമീകരഞങ്ങൾ പാലിക്കുന്നതിലും അവബോധം വളർത്തുന്നതിലും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വൈദ്യുതി ജീവിതത്തിന്റെ അഭിവാജ്യ ഘടകമാണ്. എന്നാൽ വൈദ്യുതിയെ കുറച്ചു ശരിയായ അറിവില്ലാതെയും മുൻകരുതലുകൾ ഇല്ലാതെയും കൈകാര്യം ചെയ്താൽ അത് അപകടകരമായി മാറും. ഈ വിഷയത്തിൽ കാര്യമായ അവബോധം സമൂഹത്തിൽ, പ്രത്യേകിച്ച് സ്‌കൂളുകളിൽ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. അടുത്ത കാലത്ത് നടന്ന വിവിധ വൈദ്യുതി അപകടങ്ങളുടെ കാരണങ്ങൾ പരിശോധിച്ചാൽ സുരക്ഷാ പരിശോധനകൾ കൃത്യമായി നടത്തി ഉചിതമായ പരിഹാര നടപടികൾ ഊർജ്ജിതമാക്കേണ്ടതുണ്ടെന്നു കാണാം. മാത്രമല്ല വിദ്യാർത്ഥികൾക്ക് വൈദ്യുതി അപകടങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസുകൾ നൽകുന്നതും ഗുണപ്രദമായിരിക്കുമെന്നു കരുതുന്നുവെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ വൈദ്യുതി നിലയങ്ങളുടെയും സുരക്ഷാ പരിശോധനകൾ കാര്യക്ഷമമായും സമയബന്ധിതമായും പൂർത്തിയാക്കുന്നതിന് കെ.എസ്.ഇ.ബിയും ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എനർജി മാനേജ്മന്റ് സെന്റർ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കണമെന്ന നിർദേശവും നൽകിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇതനുസരിച്ചാണ് ഈ ശില്പശാല സംഘടിപ്പിക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് ഈ പരിശീലന പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടം പരിശീലകർക്കുള്ള പരിശീലനമാണ്. ഇവിടെ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നൂറ് അധ്യാപകർക്ക് നേരിട്ടും ബാക്കിയുള്ളവർക്ക് ഓൺലൈനായും ഈ വിഷയത്തിൽ ആഴത്തിലുള്ള അറിവ് നൽകും. രണ്ടാം ഘട്ടത്തിൽ ഈ പരിശീലനം നേടിയ അധ്യാപകർ അതാതു സ്‌കൂളുകളിൽ മറ്റ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വൈദ്യുതി സുരക്ഷയിലും ഊർജ സംരക്ഷണത്തിലും ഒരു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകൾ നൽകും. സ്‌കൂളുകൾ സുരക്ഷിതമാക്കാനും ഊർജ സംരക്ഷണത്തിനും ഇതിലൂടെ സാധിക്കും.
വൈദ്യുതി സുരക്ഷ ഒരു വ്യക്തിയുടെ മാത്രമല്ല ഒരു സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്വമാണ്. ഓരോ വൈദ്യുത ഉപകരണം കൈകാര്യം ചെയ്യുമ്പോഴും ജാഗ്രത പാലിക്കണം. അതുപോലെ തന്നെ ഊർജ്ജസംരക്ഷണം എന്നത് ഭാവി തലമുറകൾക്ക് വേണ്ടിയുള്ള നിക്ഷേപമാണ്. ഓരോ യൂണിറ്റ് വൈദ്യുതിയും ശ്രദ്ധയോടെ ഉപയോഗിക്കുന്നത് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാനും സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാരം കുറയ്ക്കാനും സഹായിക്കും. ഏറ്റവുമധികം വൈദ്യുതി അപകടങ്ങൾ സംഭവിക്കുന്നത് വീടുകളിലാണ്. വീടുകളിൽ പാലിക്കേണ്ട സുരക്ഷാ മാർഗ്ഗങ്ങളെ പറ്റിയും ഈ പരിശീലന പരിപാടിയിൽ പ്രതിപാദിക്കുമെന്ന് കരുതുന്നു. ഈ സംരംഭം വിജയകരമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സ്‌കൂൾ അധ്യാപകരുടെയും വിദ്യാർഥികളുടെയും സഹകരണം മന്ത്രി അഭ്യർത്ഥിച്ചു. സുരക്ഷിതവും ഊർജ്ജക്ഷമവുമായ ഒരു കേരളം കെട്ടിപ്പടുക്കാൻ എല്ലാവർക്കും ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കാമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
തേവരക്കരയിലെ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിക്കു വൈദ്യുതാഘാതമേറ്റു ജീവൻ നഷ്ടപെട്ട സംഭവം എല്ലാവരും വേദനയോടുകൂടിയാണ് കേട്ടതെന്നും ഒരു കുട്ടിക്കും ഇനി ഇങ്ങനെയൊരവസ്ഥയുണ്ടാകരുതെന്നും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഈ അപകടം എല്ലവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. ഓരോ വിദ്യാലയവും വിദ്യാർഥികൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമായിരിക്കണം. അവിടെ അവർക്ക് ഒരപകടവുമുണ്ടാകാൻ പാടില്ല.
ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പും എനർജി മാനേജ്മന്റ് സെന്റർ കേരളയും ചേർന്ന് പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു മുന്നോട്ട് വന്നതിന് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. ഈ ശില്പശാല ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണ്. ഇത് അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷകർത്താക്കളുടെയും മനസ്സിൽ സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തും. അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ ഓരോരുത്തരും തയ്യാറാകണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഓൺലൈൻ ആയി ആശംസകൾ അറിയിച്ചു. ഇ.എം.സി. രജിസ്ട്രാർ സുഭാഷ് ബാബു ബി വി, ഊർജ വകുപ്പ് ചീഫ് ഇല്ക്ട്രിക്കൽ ഇൻസ്‌പെക്ടർ ജി വിനോദ്, പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എ അബൂബക്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.