Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2026 07:28 IST
Share News :
തിരൂരങ്ങാടി : മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് പരിസമാപ്തി കുറിക്കുന്ന മൂന്നിയൂർ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് കാപ്പൊലിച്ചു.
ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചാത്തൻ ക്ലാരിയിലാണ് തിങ്കളാഴ്ച വൈകീട്ട് കാപ്പൊലിക്കൽ ചടങ്ങ് നടന്നത്. നൂറുക്കണക്കിനാളുകൾ സാക്ഷികളായി. കളിയാട്ടത്തിന്റെ പ്രധാന ചടങ്ങായ കോഴിക്കളിയാട്ടം 29-ന് നടക്കും. കളിയാട്ടത്തിന്റെ വരവറിയിച്ചുള്ള പൊയ്‌ക്കുതിര സംഘങ്ങൾ ഊരുചുറ്റുന്നത് അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. കോഴിക്കളിയാട്ട ദിവസം വിവിധ സ്ഥലങ്ങളിൽനിന്നുള്ള പൊയ്‌ക്കുതിര സംഘങ്ങൾ കളിയാട്ടക്കാവിലെത്തും. കളിയാട്ടത്തിനായുള്ള വിപുലമായ ഒരുക്കങ്ങൾ കളിയാട്ടക്കാവിൽ പൂർത്തിയായി.
17 ദിവസം നീണ്ടുനിൽക്കുന്ന കളിയാട്ട മഹോത്സവത്തിൽപതിനായിരങ്ങൾ
വന്നെത്തുന്ന കോഴിക്കളിയാട്ടം മലബാറിൽ പ്രസിദ്ധമാണ് ഇടവ മാസത്തിലെ വെള്ളിയാഴ്ചയാണ് ഉത്സവം നടക്കാറുള്ളത്. കോഴിക്കളിയാട്ടത്തിന്റെ മുന്നോടിയായി കുതിരക്കല്യാണം നടക്കും.
ദേശക്കാരും ബന്ധുക്കളും ഒത്തുചേർന്ന് കൊട്ടിപ്പാടലാണ് ഇതിന്റെ ചടങ്ങ്.
ദേവിയുടെ കഥ പാട്ട് രൂപത്തിൽ പാടുന്നതാണ് കൊട്ടിപ്പാട്ട്.
കളിയാട്ടത്തിനു മുമ്പുള്ള വെള്ളിയാഴ്ച മുതൽ കളിയാട്ടത്തിന്റെ ദിവസം കാവിലേക്ക് എത്തും വരെ കൊട്ടിപ്പാട്ടാണ്.
പൊയ് കുതിരകൾ കാവിലേക്ക് പ്രവേശിക്കുകയും കാവിലമ്മയുടെ അപദാനങ്ങൾ പാടി നിർത്തം വെക്കുന്ന പൊയ്ക്കുതിര സംഘങ്ങൾ കോഴി കളിയാട്ടത്തിന്റെ വിസ്മയ കാഴ്ചകളാണ്.
കളിയാട്ടത്തോടനുബന്ധിച്ച് കാർഷിക ചന്തയും സജീവമാകും. തലപ്പാറ മുതൽ കളിയാട്ടമുക്ക് വരെ വഴിയോരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും പാടത്തുമാണ് ചന്തകൾ നടക്കുക. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ ഇവിടെ ലഭ്യമാണെന്നാണ് പഴമക്കാരുടെ മൊഴി.
കാലവർഷം തുടങ്ങുന്ന സമയമായതിനാൽ വിവിധതരം വിത്തുകൾ പണിയായുധങ്ങൾ തുടങ്ങിയവയും ഉത്സവ ചന്തയിൽ നിന്നും ലഭിക്കുന്നതാണ്
ഐതിഹ്യം
ഇടവപ്പാതിയുടെ വരവറിയിച്ചുകൊണ്ടാണ് മൂന്നിയൂര്‍ കളിയാട്ടം മണ്ണിലും മനസ്സിലും മഴവില്‍ കൊടിയേറ്റ് നടത്താറുള്ളത്.
മലപ്പുറം ജില്ലയില്‍ കടലുണ്ടിപ്പുഴയുടെ തീരത്ത് മൂന്നിയൂര്‍ പഞ്ചായത്തിലാണ് ഈ കാവുള്ളത്. ഭദ്രകാളി സങ്കല്‍പമെങ്കിലും അമ്മാഞ്ചേരി ഭഗവതി എന്ന നാമധേയമാണ് ദേവിക്ക്. ഏകദേശം രണ്ടായിരത്തോളം വർഷങ്ങൾക്ക് മുമ്പ് മൂന്നിയൂർ പ്രദേശത്തെ ജനങ്ങൾ മാരകമായ രോഗങ്ങളും ദുരിതങ്ങളും കൊണ്ട് വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ജനങ്ങളെ ഈ കെടുതികളിൽ നിന്ന് രക്ഷിക്കുന്നതിനായി ആദിപരാശക്തിയായ ഭഗവതി കളിയാട്ടക്കാവിലേക്ക് എഴുന്നള്ളി എന്നാണ് വിശ്വാസം.
ആദ്യം ഈ പ്രദേശത്തെത്തിയ ദേവി തന്റെ ഉപാസകനായ 'വിളിവെള്ളി' എന്ന ഭക്തന്റെ അടുക്കലാണ് തന്റെ സാന്നിധ്യമറിയിച്ചത്
രോഗദുരിത നിവാരണം, ശത്രുനാശം, സാധുജനസംരക്ഷണം തുടങ്ങി ഭക്തരുടെ ഏത് അഭീഷ്ടവും സാധിപ്പിക്കുന്നതില്‍ അതീവ തല്‍പരയാണ് ദേവിയെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. വിളിച്ചാല്‍ വിളികേള്‍ക്കുന്ന കാവിലമ്മ ഒരേ സമയം നാടിന്റെ രക്ഷകയും ലോകപാലകിയുമായി ഇവിടെ കുടികൊള്ളുന്നു.
ശാക്തേയ പൂജകള്‍ പഥ്യമായിട്ടുള്ള ദേവിക്ക് ശ്രീകോവിലില്‍ ബ്രാഹ്മണരുടെ ഉത്തമപൂജയും തിരുമുറ്റത്ത് നായര്‍ വിഭാഗങ്ങള്‍ നിര്‍വഹിക്കുന്ന മധ്യമപൂജയും പതിവുണ്ട്.
കളിയാട്ടത്തിന് ഇടവത്തില്‍ പതിനേഴ് ദിവസവും മണ്ഡലകാലത്ത് നാല്‍പത് ദിവസവും മാത്രം നട തുറന്നിരിക്കും. കനത്തനിശ്ശബ്ദതയാണ് കാവില്‍ പിന്നീടുള്ള നാളുകളില്‍. ആയിരം വര്‍ഷം പഴക്കമുള്ള ഈ ദേവീ സന്നിധി സാമൂഹ്യസമത്വത്തിന്റെ വിളംബരമോതുന്നു. ദേവകാര്യങ്ങളില്‍ ഓരോ വിഭാഗക്കാരും അവരവരുടെ പങ്ക് വഹിക്കുന്നു.
ഊരാളസ്ഥാനത്തുള്ള രണ്ടു സ്ഥാനങ്ങളെ മൂത്തപണിക്കര്‍, ഇളയപണിക്കര്‍ എന്നിങ്ങനെ പേരിട്ട് വിളിക്കുന്നു. ഇവരെ കൂടാതെ അഞ്ച് താവഴി നായന്മാര്‍, അഞ്ച് താവഴി ഈഴവര്‍, പെരുമണ്ണാന്‍ വേലന്‍ സമുദായങ്ങള്‍, മൂന്നു താവഴി ആശാരിമാര്‍, പെരിങ്കൊല്ലന്‍, രാശി പണിക്കര്‍, നര്‍ത്തകന്‍ ചേമ്പട്ടി നായര്‍, പെരുമലയന്‍ തുടങ്ങി എല്ലാ ജാതിക്കാരും ഒരുമിച്ചെത്തി വേണം ഒരു കളിയാട്ടം
പൂര്‍ത്തിയാക്കാന്‍. ഇവര്‍ക്കെല്ലാം പ്രത്യേകം സ്ഥാനങ്ങളും ഉത്തവാദിത്വങ്ങളും കല്‍പ്പിച്ചിരുന്നു.
പന്ത്രണ്ടാം നാള്‍ കോഴിക്കളിയാട്ടം
ഇടവത്തിലെ ആദ്യത്തെ തിങ്കളാഴ്ച കളിയാട്ടം ആരംഭിക്കും. ഇതിന് കാപ്പൊലിക്കുക എന്നാണ് പറയുന്നത്. തുടര്‍ന്ന് എല്ലാ ദിവസവും കളിയാട്ടമുണ്ടാകും. ഇത് രാത്രിയാണ് നടക്കുന്നത്. കുരുത്തോല, മുള, വാഴനാര്, എന്നിവയ്‌ക്കൊപ്പം വെള്ള, കറുപ്പ്, ചുവപ്പ് തുണികള്‍ ഉപയോഗിച്ച് പൊയ്‌ക്കുതിര കെട്ടി പെരുമലയന്‍ എല്ലാ ദിവസവും ദേവിക്കു മുമ്പില്‍ കാണിക്കുന്നു. ഇതിനുള്ള വാദ്യം പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന പഴഞ്ചെണ്ടകളാണ്. സന്ധ്യയോടു കൂടി തെക്കന്‍ വാതിലില്‍ തിരുമുടി കെട്ടി തിരുമുടിയേന്തി തോറ്റംപാട്ടില്‍ സംപ്രീതയായി ഭഗവതിയുടെ നര്‍ത്തനം വെളിച്ചപ്പാട് തുള്ളല്‍. ഇത് വേലന്‍ പെരുമണ്ണാന്‍ സമുദായക്കാര്‍ നിര്‍വഹിക്കും. തെക്കന്‍ വാതിലില്‍ താലപ്പൊലി എടുക്കല്‍, പന്തീരായിരത്തിന് ദ്രവ്യങ്ങളൊരുക്കല്‍, ദേവിയുടെ എഴുന്നള്ളത്തിന് നടത്തം ചൊല്ലല്‍ തുടങ്ങിയവ വേറൊരു വിഭാഗക്കാര്‍ നിര്‍വഹിക്കും.
കളിയാട്ടത്തിനു വേണ്ടി പാലമരം മുറിക്കല്‍, ഇളമരം നാട്ടല്‍, പൂജാപാത്രങ്ങള്‍ മുതലായ സാമഗ്രികളുണ്ടാക്കല്‍ ആശാരിവിഭാഗക്കാരും മൂഹൂര്‍ത്തം കുറിക്കുന്നതും ഫലം പറയുന്നതും രാശിപ്പണിക്കരും പെരിങ്കൊല്ലന്‍ തന്റെ പങ്കും ഉത്സവത്തിനായി നിര്‍വഹിക്കും.
പൂജാദ്രവ്യങ്ങള്‍ ഒരുക്കുന്നത് ഊരാളകുടുംബത്തിലെ വ്രതശുദ്ധിയുള്ള സ്ത്രീകളാണ്. ഒരു ദിവസത്തേക്ക് നൂറ്റി ഒന്ന് ഇടങ്ങഴി നെല്ലുകൊണ്ടുള്ള അരി, അവില്‍, മലര്‍, തവിട് എന്നിവയും ചാന്തിന് ആവശ്യമായത്രയും മഞ്ഞള്‍ പൊടിയും കുത്തി ഒരുക്കേണ്ടത് ശ്രമകരമായ ദൗത്യമാണ്.
കളിയാട്ടത്തിലെ മുഖ്യ ആകര്‍ഷണം പന്ത്രണ്ടാം ദിവസത്തെ കോഴിക്കളിയാട്ടമാണ്. ഇതിന് പകല്‍ കളിയാട്ടമെന്നും പറയുന്നു. ഭക്തര്‍ നേര്‍ച്ചക്കോഴികളെ കൊണ്ടു വന്ന് പ്രദക്ഷിണ വഴിക്ക് പുറത്തുള്ള ബലിത്തറയില്‍ കുരുതി നല്‍കും. ഇതിന് അവകാശികള്‍ നേരത്തേ തയ്യാറായി നില്‍ക്കും. കീഴാള മക്കള്‍ക്കാണ് പൊയ്‌ക്കുതിര കെട്ടി ഇറക്കാനുള്ള അവകാശം. കളിയാട്ടം ആരംഭിച്ചാല്‍ വീടുകളില്‍ കൊട്ടിപ്പാട്ടും കുതിര നിര്‍മാണവുമാണ്. കുതിരപ്പാട്ട് നേരം പുലരും വരെ നടത്തി ഭക്തിയുടെ പാരമ്യത്തില്‍ ഈ ദിവസം കാവിലെത്തും ചെറുതും വലുതുമായ സംഘങ്ങള്‍. നൂറുകണക്കിന് കുതിരകളുമായി പ്രദക്ഷിണം ചെയ്ത് ആചാരങ്ങള്‍ നടത്തും. ആറ് മണിയോടെ വരവുകള്‍ അവസാനിച്ചാല്‍ പതിവു പോലെ രാത്രി കളിയാട്ടം തുടങ്ങും. ഇങ്ങനെ പതിനേഴ് നാളാണ് കളിയാട്ട മഹോത്സവം.
Follow us on :
Tags:
More in Related News
Please select your location.