Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2025 21:53 IST
Share News :
കടുത്തുരുത്തി: സാങ്കേതിക പ്രശ്‌നങ്ങളേത്തുടർന്ന് മുടങ്ങിയ മാന്നാനം പാലത്തിന്റെ നിർമാണം ഓഗസ്റ്റ് 24 ന് ആരംഭിക്കും. ഞായറാഴ്ച വൈകീട്ട് 4ന് സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുമരാമത്ത്്-ടൂറിസം വകുപ്പുമന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നിർവഹിക്കും.
കെ.എസ്.ടി.പി. യുടെ നേതൃത്വത്തിൽ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 24.83 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. ദേശീയ ജലപാതാ മാനദണ്ഡങ്ങൾ പാലിച്ച് നിർമിക്കുന്ന പുതിയ പാലം 228.7 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും വർഷകാല ജലനിരപ്പിൽ നിന്ന് ആറുമീറ്റർ ഉയരത്തിലുമാണ് പണിയുന്നത്.
നീണ്ടൂർ, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് മാന്നാനം-നീണ്ടൂർ റോഡിൽ പെണ്ണാർ തോടിനു കുറുകെയാണ് പാലം. മാന്നാനം പാലം പൊളിച്ച് പുതിയപാലം പണിയാൻ നടപടികളാവുകയും പണികൾ തുടങ്ങുന്ന ഘട്ടത്തിലെത്തുകയും ചെയ്തിരുന്നതാണ്. അപ്പോഴാണ് പെണ്ണാർ തോട് ദേശീയ ജലപാതയിലുൾപ്പെടുത്തി വിജ്ഞാപനം വന്നത്. ഇതോടെയാണ് ഒരു വർഷമായി നിർമാണം മുടങ്ങിക്കിടന്നിരുന്നത്. ദേശീയ ജലപാതയുടെ മുകളിലുള്ള പാലങ്ങൾക്ക് നിയമമനുസരിച്ച് 41 മീറ്റർ നീളം, 12 മീറ്റർ വീതി, വർഷകാലജലനിരപ്പിൽ നിന്ന് ആറു മീറ്റർ ഉയരം എന്നിവ വേണം. നിർമാണം ആരംഭിക്കാനിരുന്ന പാലത്തിന് 10 മീറ്റർ നീളവും നാലു മീറ്റർ വീതിയുമായിരുന്നു. അതിനേത്തുടർന്നാണ് നിർമാണം നിലച്ചത്.
സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ ഇടപെടലിനേത്തുടർന്നാണ് ദേശീയ ജലപാതാ മാനദണ്ഡങ്ങൾ പാലിച്ച് പുതിയ പാലം നിർമിക്കാൻ പുതിയ രൂപരേഖ തയ്യാറാക്കിയത്. ഒരേസമയം ഒരുവാഹനത്തിന് മാത്രം കടന്നുപോകാവുന്ന വീതിയേ പഴയപാലത്തിന് ഉണ്ടായിരുന്നുള്ളൂ. പാലത്തിന്റെ കൈവരികളും ബീമുകളും ദ്രവിച്ച നിലയിലാണ്.
പാലം പണി മുടങ്ങിയത് പ്രദേശത്തെ ജനങ്ങളെ തീരാദുരിതത്തിലാക്കിയിരുന്നു.
മാന്നാനത്തുനിന്ന് നീണ്ടൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ഇപ്പോൾ വില്ലൂന്നിയിലെത്തിയാണ് യാത്ര തുടരുന്നത്. പുതിയ പാലം വരുന്നതോടെ കല്ലറ, നീണ്ടൂർ ഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് എളുപ്പത്തിൽ മാന്നാനത്തേക്കും മെഡിക്കൽ കോളജിലേക്കുമൊക്കെ എത്താനാവും. മാന്നാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർഥികൾക്കും സൗകര്യമാവും. 12 മാസത്തിനുള്ളിൽ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കുകയാണ് ലക്ഷ്യമെന്ന് കെ.എസ്.ടി.പി അധികൃതർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.