Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മധുരവേലി ഐടിഐ നഗര്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി

10 Nov 2025 17:59 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമം വികസന പദ്ധതിയില്‍ ഉള്‍പെടുത്തി കടുത്തുരുത്തി മണ്ഡലത്തിലെ മധുരവേലി ഐടിഐ നഗര്‍ അംബേദ്കര്‍ ഗ്രാമത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി പട്ടികജാതി വികസന വകുപ്പില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്നതും ഇരുപത്തിയഞ്ചോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതുമായ ഗ്രാമങ്ങളെ തെരഞ്ഞെടുത്ത് വിവിധങ്ങളായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥമാക്കുന്ന വികസന പദ്ധതിയാണ് മധുരവേലി ഐടിഐ നഗര്‍ ഗ്രാമത്തിന് വേണ്ടി അനുവദിച്ചട്ടുള്ളത്. ഈ പ്രദേശത്തെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി എംഎല്‍എ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍. കേളുവിനും പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ക്കും നല്‍കിയ നിവേദനത്തിന്റെയും പ്രോജക്ട് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്.

മധുരവേലി ഐടിഐ നഗറില്‍ നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതി നിര്‍വഹണത്തിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് തദേശ സ്വയംഭരണ വകുപ്പിനെയാണ്. ജില്ലാ പട്ടികജാതി വികസന ഓഫീസറുടെയും എല്‍എസ്ജിഡി ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും കടുത്തുരുത്തി പഞ്ചായത്ത് ജനപ്രതിനിധികളുടെയും സ്ഥലവാസികളായ ഗുണഭോക്താക്കളുടെയും സാന്നിധ്യത്തില്‍ വികസന യോഗം വിളിച്ചുചേര്‍ത്ത് തുടര്‍ന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും എംഎല്‍എ അറിയിച്ചു.

Follow us on :

More in Related News