Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഗതി മന്ദിരങ്ങളിലെ അച്ഛനമ്മമാർക്ക് വസ്ത്രം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി

06 Jan 2025 12:28 IST

R mohandas

Share News :

ചാത്തന്നൂർ: കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സർക്കാർ അംഗീകൃത അഗതി മന്ദിരങ്ങളിലെ അച്ഛനമ്മമാർക്ക് വസ്ത്രം വിതരണം ചെയ്യുന്ന പദ്ധതി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾക്കും അനാഥർക്കുമായി സവിശേഷവും വ്യത്യസ്തങ്ങളുമായ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ 36 സ്ഥാപനങ്ങളിലെ അന്തേവാസികൾക്കാണ് സൗജന്യമായി വസ്ത്രങ്ങൾ വിതരണം ചെയ്യുന്നത്. 30 ലക്ഷമാണ് ചെലവ്. കരീപ്ര ശരണാലയത്തിലെയും പുത്തൂർ സായന്തനത്തിലെയും മുഴുവൻ ചെലവ് വഹിക്കുന്നത് ജില്ല പഞ്ചായത്താണ്. ക്യാൻസർ രോഗികൾക്ക് 40 ലക്ഷം രൂപയുടെ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. കിഡ്നി മാറ്റിവെച്ച രോഗികൾക്ക് സൗജന്യ മരുന്നും നൽകിവരുന്നു. ജില്ലാ- താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് നടത്തുന്ന രോഗികൾക്ക് സബ്‌സിഡി തുകയും നൽകുന്നുണ്ട്. ഇത്തരത്തിൽ രോഗികൾ, അനാഥർ, ആശ്രയമില്ലാത്തവർ എന്നിവർക്കായി നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്. 

കൊട്ടാരക്കര കലയപുരം ആശ്രയയിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ് കല്ലേലി ഭാഗം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ആർ രശ്മി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സ്ഥിരം സമിതി അധ്യക്ഷർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.കെ ഹരികുമാരൻ നായർ, ആശ്രയ ചെയർമാൻ കലയപുരം ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News