Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂട്ടായി ലോക്ക് കം ബ്രിഡ്ജ് നിർമ്മാണോദ്ഘാടനം നിർവഹിച്ചു

26 Feb 2025 12:48 IST

Jithu Vijay

Share News :

തിരൂർ : തിരൂർ-പൊന്നാനി പുഴയിൽ ഉപ്പുവെള്ളം കയറുന്നത് തടയുക, ജലഗതാഗതം ത്വരിതപ്പെടുത്തുക ഉൾപ്പെടെയുള്ള വിവിധോദ്ദേശ്യ പദ്ധതിയായ കൂട്ടായി ലോക്ക് കം ബ്രിഡ്‌ജിന്റെ നിർമാണോദ്ഘാടനം തവനൂർ എം എൽ എ കെ.ടി.ജലീൽ നിർവ്വഹിച്ചു. പശ്ചിമ തീര കനാലിന്റെ ഭാഗമായ കോവളം- ബേക്കൽ ജലപാതയിൽ ഉൾപ്പെടുന്ന കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപമാണ് 44.31 കോടി രൂപ ചെലവിൽ കൂട്ടായി ലോക്ക് കം ബ്രിഡ്‌ജ് നിർമാണം ആരംഭിക്കുന്നത്.


തിരൂർ-പൊന്നാനി പുഴയ്ക്ക് കുറുകെ മംഗലം- കൂട്ടായി പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് നിർമിക്കുന്ന ലോക്ക് കം ബ്രിഡ്ജ് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. ദേശീയ ജലപാത 3 ആയി പ്രഖ്യാപിക്കപ്പെട്ട കോട്ടപ്പുറം മുതൽ കോഴിക്കോട് വരെയുള്ള ഭാഗത്താണ് നിർമാണം.


ദേശീയ ജലപാത നിലവാരത്തിലുള്ള വെസലുകൾ കടന്നുപോകുന്ന രീതിയിൽ 14 മീറ്റർ വീതിയിൽ മെയിൻ ലോക്ക് ചേംബറും ചെറു ബോട്ടുകൾ കടന്നുപോകുന്നതിനായി 4.5 മീറ്റർ വീതിയുള്ള ചെറിയ ലോക്ക് ചേംബറുമാണ് പ്രധാന ഭാഗം. കൂട്ടായി-മംഗലം റോഡിൽ ഗതാഗതത്തിനായി 4.25 മീറ്റർ വീതിയിലും 24.65 മീറ്റർ നീളത്തിലുമുള്ള പാലവും നിർമിക്കും. കൂടാതെ വാച്ച്മാൻ, ജനറേറ്റർ റൂമുകൾ ഉൾപ്പെടുന്ന കെട്ടിടവുമുണ്ടാകും.


ജലഗതാഗതം, കുടിവെള്ളം, ജലസേചനം ഇവ ഉറപ്പു വരുത്തുന്നതിനായി 1977 ൽ വിഭാവനം ചെയ്ത ഈ പദ്ധതി വിവിധ കാരണങ്ങളാൽ നീണ്ടു പോവുകയായിരുന്നു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ജനങ്ങളുടെ കാലങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമമാകുക.


ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു. സൈനുദ്ധീൻ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പി.കുഞ്ഞുട്ടി, പഞ്ചായത്തംഗങ്ങളായ ഇ. അഫ്സൽ, പി.കെ. സലീന, ഫൗസിയ നാസർ, നിഷ രാജീവ്, സി.എം.റംല ടീച്ചർ,എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ. അജ്മൽ, കൂട്ടായി അസിസ്റ്റന്റ് എഞ്ചിനീയർ പി.എം. അഹമ്മദലി,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ റസ്റ കളപ്പാടൻ റിപ്പോർട്ട് അവതരിപ്പിച്ചു.

Follow us on :

More in Related News