Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നവ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനം ചെയ്തു.

05 Feb 2026 18:31 IST

Jithu Vijay

Share News :

കോഴിക്കോട് : മലബാറിലെ പ്രമുഖ ആരോഗ്യ പരിപാലന കേന്ദ്രമായ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സമഗ്ര അര്‍ബുദ ചികിത്സാ കേന്ദ്രമായ 'നവ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്' (Nava Cancer Institute) ആരംഭിച്ചു. മലബാര്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര താരവും ക്യാന്‍സര്‍ അതിജീവിതയുമായ ജുവല്‍ മേരി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജിഷ ശബരീഷ് വിശിഷ്ടാതിഥിയായി.


രോഗപ്രതിരോധം മുതല്‍ പാലിയേറ്റീവ് കെയര്‍ വരെയുള്ള എല്ലാ ഓങ്കോളജി സേവനങ്ങളും നവ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഉറപ്പാക്കുന്നു. മെഡിക്കല്‍, സര്‍ജിക്കല്‍, റേഡിയേഷന്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍, ഹെമറ്റോളജി, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ തുടങ്ങി ക്യാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും ഒരേയിടത്ത് ലഭ്യമാക്കുകയാണ് നവ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലക്ഷ്യം. ക്യാന്‍സര്‍ ചികിത്സയ്ക്ക് വിവിധ വിഭാഗങ്ങളുടെ ഏകോപനം ആവശ്യമുള്ളതിനാല്‍, ഓങ്കോളജി വിദഗ്ധര്‍ക്കൊപ്പം കാര്‍ഡിയോളജി, ന്യൂറോളജി, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുടെ സേവനവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ ചികിത്സാ രീതികള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ ജി അലക്‌സാണ്ടര്‍ പറഞ്ഞു. തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാ രീതിയാണ് നവ പിന്തുടരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


നാല് പതിറ്റാണ്ടായി മലബാറിലെ ആരോഗ്യ മേഖലയില്‍ ബി എം എച്ച് നല്‍കിവരുന്ന മികച്ച സേവനങ്ങളുടെ തുടര്‍ച്ചയാണിതെന്ന് കാലിക്കറ്റ് ക്ലസ്റ്റര്‍ സി ഇ ഒ ഡോ. അനന്ത് മോഹന്‍ പൈ പറഞ്ഞു.

എല്ലാ അത്യാധുനിക മാറ്റങ്ങളും തിരിച്ചറിഞ്ഞ കാന്‍സര്‍ രോഗിയുടെ മനസ്സറിഞ്ഞുള്ള ചികിത്സയിലാണ് ഇന്‍സ്റ്റിറ്റിയൂട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജോണ്‍ ആലപ്പാട്ട് പറഞ്ഞു.


ക്യാന്‍സര്‍ അതിജീവന യാത്രയില്‍ വൈകാരികവും സാമൂഹികവുമായ പിന്തുണയുടെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യാതിഥി ജുവല്‍ മേരി സംസാരിച്ചു. കാന്‍സറിനെ ഭയത്തോടെ കാണുന്നതിന് പകരം ഒരു ഗെയിമായി കാണുകയാണ് വേണ്ടതെന്ന് താരം പറഞ്ഞു. മത്സരത്തില്‍ ജയപരാജയത്തേക്കാള്‍ ആ മത്സരം പൂര്‍ത്തിയാക്കുക എന്നതാവണം ലക്ഷ്യമെന്നും കാന്‍സറിന് എതിരായ മത്സരത്തില്‍ താന്‍ ജയിച്ചെന്നും കാന്‍സര്‍ അതിജീവിതകൂടിയായ ജുവല്‍ മേരി പറഞ്ഞു. പോരാട്ടം തുടരുന്നവരെ പ്രചോദിപ്പിക്കാനും അവര്‍ക്ക് പരിചരണം ഉറപ്പാക്കാനും നവ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് സാധിക്കട്ടെ എന്നും താരം ആശംസിച്ചു. രോഗം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ നേരിടുന്ന സാമൂഹികമായ മാറ്റിനിര്‍ത്തലുകളെയും ഭയത്തെയും അതിജീവിക്കേണ്ടതിന്റെ ആവശ്യകത അവര്‍ എടുത്തുപറഞ്ഞു.

കോഴിക്കോട്ടെ ക്യാന്‍സര്‍ രോഗികള്‍ക്ക് നവ ഇന്‍സ്റ്റിറ്റിയൂട്ട്  കൈത്താങ്ങായിരിക്കുമെന്ന് ചടങ്ങിലെ വിശിഷ്ടാതിഥിയായ കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ജിഷ ശബരീഷ് പറഞ്ഞു. തിരുത്തിയാട് വാര്‍ഡ് നിവാസികള്‍ക്ക് സൗജന്യ കാന്‍സര്‍ സ്‌ക്രീനിംഗ് ടെസ്റ്റ് യോഗത്തില്‍ പ്രഖ്യാപിച്ചു. ഡോ അരുണ്‍ മാത്യു, ഡോ. ശശീന്ദ്രന്‍ പിആര്‍ എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News