Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2025 12:07 IST
Share News :
ചാത്തന്നൂർ: പരാതികളിൽ നയപരമായ തീരുമാനങ്ങൾക്ക് സർക്കാരിനെ സമീപിക്കും: മന്ത്രി ജെ. ചിഞ്ചുറാണി.
പത്തനാപുരം താലൂക്ക്തല അദാലത്ത് സാഫല്യം ഓഡിറ്റോറിയത്തിൽ ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഓരോ അദാലത്തുകൾ കഴിയുമ്പോൾ പരാതികളുടെ എണ്ണം കുറഞ്ഞു വരുന്നു. പരിഹാരമുണ്ടാക്കാൻ കഴിയാത്ത പരാതികളിൽ നയപരമായ തീരുമാനങ്ങൾ ആവശ്യമെങ്കിൽ സർക്കാരിനെ സമീപിക്കുമെന്ന് മന്ത്രി പറഞ്ഞു. തീരദേശം, വനം, റവന്യൂ, തദ്ദേശം, ഭൂമിതരം മാറ്റം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക അദാലത്തുകളും ജില്ലകൾക്ക് കേന്ദ്രീകരിച്ച് മേഖല അദാലത്തുകളും നടത്തിയത് വിജയകരമായിരുന്നു. അദാലത്തിൽ ഉയരുന്ന പൊതുപ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരിപാടിയിൽ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ അധ്യക്ഷനായി. ചുവപ്പുനാടയുടെ നൂലാമാലകളിൽ നിന്നും പൊതുജനങ്ങളെ രക്ഷിക്കുന്നതിന് അദാലത്തുകളാണെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ഭൂമി എന്ന പേരിൽ നൂറ്റാണ്ടുകളായി കുരുങ്ങിക്കിടക്കുന്ന പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടിയായി. കനാൽ പുറമ്പോക്ക് പട്ടയം സംബന്ധിച്ച് റവന്യൂ, ഇറിഗേഷൻ വകുപ്പ് മന്ത്രിമാരുമായി ചേർന്ന് സംയുക്ത കൂടി ചർച്ച നടത്തി. ജനുവരി 15ന് ശേഷം വീണ്ടും യോഗം ചേർന്ന് വിതരണം ചെയ്യും. ഇതിനുപുറമെ വനം വകുപ്പിന്റെ 2500 ലധികം പട്ടയങ്ങളും പത്തനാപുരത്ത് മാത്രം നൽകുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു. പൊതുതാത്പര്യം മുൻനിർത്തി ഗതാഗത വകുപ്പിൽ ഫയൽ നീക്കവുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകിയതായി മന്ത്രി വ്യക്തമാക്കി. ഒരു ഫയലിൽ അഞ്ചു ദിവസത്തിനുള്ളിൽ തീരുമാനങ്ങൾ എടുക്കണം. ഇല്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. ഉച്ചയ്ക്ക് ഒന്ന് വരെ പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥരെ കാണാമെന്നും അതിനുശേഷം ഉള്ള സമയം ഇവർ ഉത്തരവാദിത്വംനിർവഹിക്കുന്നതിനായി വിനിയോഗിക്കണമെന്നുമാണ് നിർദ്ദേശം.
അദാലത്തിൽ കുര്യോട്ടുമലയിലെ 25 പട്ടികവർഗ വിഭാഗക്കാർക്കുള്ള എസ്. ടി പട്ടയം വിതരണം ചെയ്തു. കൂടാതെ 5 കുടുംബങ്ങൾക്ക് ദേവസ്വം പട്ടയവും നൽകി. മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി 40 പേർക്ക് റേഷൻ കാർഡുകൾ വിതരണവും മന്ത്രിമാർ ചേർന്ന് നിർവഹിച്ചു.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആനന്ദവല്ലി, ജില്ലാ പഞ്ചായത്ത് അംഗം സുനിതാ രാജേഷ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആർ സോമരാജൻ, എസ് തുളസി, പി കലാദേവി, കെ അശോകൻ, വി.പി രമാദേവി, ജില്ലാ കലക്ടർ എൻ ദേവീദാസ്, എ. ഡി. എം ജി നിർമൽകുമാർ, പുനലൂർ ആർ.ഡി. ഒ സുരേഷ് ബാബു, ഡെപ്യൂട്ടി കലക്ടർമാരായ ആർ ബീനറാണി, എഫ്. റോയ്കുമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.