Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2025 19:24 IST
Share News :
കടുത്തുരുത്തി: പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു. മുൻകാലങ്ങളിലെ മൂന്ന് മാസത്തെ പരിശീലനത്തിൽ നിന്നും വ്യത്യസ്തമായി എട്ടു മാസത്തെ സമഗ്ര പരിശീലനമാണ് ഇപ്പോൾ നൽകുന്നത്. അഞ്ച് മാസത്തെ പോലീസ് പരിശീലനം ഉൾപ്പടെയുള്ളവ ഇൻസ്‌പെക്ടർമാരുടെ ജീവിതത്തിലെ ഏറ്റവും അച്ചടക്കമുള്ളതും ഉപകാരപ്രദവുമായ ഒന്നാണ്. തൈയ്ക്കാട് പോലിസ് ട്രെയിനിങ് കോളേജ് ഹാളിൽ നടന്ന മോട്ടോർ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ പാസ്സിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പോലീസ്, ഫയർഫോഴ്‌സ് എന്നിവരെപ്പോലെ മോട്ടോർ വാഹന വകുപ്പും ഒരു യൂണിഫോമ്ഡ് ഫോഴ്സ് ആണ്, യൂണിഫോം ധരിക്കുന്നത് രാജ്യത്തിന്റെ സംരക്ഷകരിൽ ഒരാളായി മാറുന്നതിന് തുല്യമാണ്. മനസ്സുകൊണ്ടും ശരീരംകൊണ്ടും കരുത്തുള്ളവരായിരിക്കണം ഓരോ ഉദ്യോഗസ്ഥരും. പുതിയ ഉദ്യോഗസ്ഥർക്ക് 30 ദിവസത്തെ കമ്പ്യൂട്ടർ പരിശീലനവും കെഎസ്ആർടിസിയുടെ വർക്ക്ഷോപ്പുകളിൽ 10 മുതൽ 20 ദിവസം വരെ നീളുന്ന പ്രായോഗിക പരിശീലനവും നൽകുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വകുപ്പുകളിൽ ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാക്കിയതിൽ ഗതാഗത വകുപ്പ് രണ്ടാം സ്ഥാനത്താണെന്നത് അഭിമാനകരമായ നേട്ടമാണ്. ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥരാണ് വകുപ്പിന്റെ ശക്തി. ഓഫീസുകളിലേക്ക് ഏജന്റുമാരുടെയും കൺസൾട്ടന്റുമാരുടെയും പ്രവേശനം കർശനമായി വിലക്കിയിട്ടുണ്ടെന്നും, ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ ജീവിക്കുന്ന പ്രവർത്തകരാണെന്ന ബോധ്യം എപ്പോഴും ഉണ്ടാകണമെന്നും 'മോസ്റ്റ് എഫിഷ്യന്റ് ഓഫീസർ' ആയി മാറണം എന്നതായിരിക്കണം ഉദോഗസ്ഥരുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരിശീലന പൂർത്തിയാക്കിയ 19 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ പ്രതിജ്ഞാ വാചകം ചൊല്ലി സർവീസിൽ പ്രവേശിച്ചു. പരിശീലനത്തിൽ മികവ് തെളിയിച്ച അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ആരാധന ബി ജി (ബെസ്റ്റ് ഇൻഡോർ), വിഷ്ണു ജെ നായർ (ബെസ്റ്റ് ഔട്ട്ഡോർ), രോഹിത് എസ് (ബെസ്റ്റ് ഷൂട്ടർ), ശ്രീജിത്ത് ബി (ബെസ്റ്റ് ആൾറൗണ്ടർ) എന്നിവർക്ക് മന്ത്രി പുരസ്‌ക്കാരം നൽകി.
ഐ ജി പി ട്രെയിനിങ് ഗുഗുളത് ലക്ഷ്മണൻ, ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചെക്കിലം, അഡിഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പി എസ് പ്രമോജ് ശങ്കർ, പോലിസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ യോഗേഷ് മാന്ദയ്യ, വൈസ് പ്രിൻസിപ്പൽ അജയ് കുമാർ, പോലിസ്, മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.