Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2025 11:40 IST
Share News :
കൊടകര: കുറുമാലിപുഴയില്‍ വേനല്‍ക്കാലത്ത് നിര്‍മിക്കുന്ന താല്‍ക്കാലിക മണ്‍ചിറകളുടെ നിര്‍മാണത്തിന് പ്ലാസ്റ്റിക് ചാക്കുകള്‍ ഉപയോഗിക്കുന്നത് വിലക്കികൊണ്ടുള്ള സംസ്ഥാന മനുഷ്യാവകാശ കമീഷന്റെ ഉത്തരവ് ജലരേഖയായി. ചിറകളുടെ നിര്‍മാണത്തിന് ഈ വര്‍ഷവും ഉപയോഗിച്ചത് ആയിരക്കണക്കിന് പ്ലാസ്റ്റിക് ചാക്കുകള്‍ . പുഴയോര പഞ്ചായത്തുകളില്‍ വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന ജലക്ഷാമത്തിനു പരിഹാരമായാണ് വര്‍ഷങ്ങളായി കുരുമാലിപുഴയില്‍ താല്‍ക്കാലിക ചിറകള്‍ കെട്ടി വരുന്നത്. വരന്തരപ്പിള്ളി , മറ്റത്തൂര്‍, പുതുക്കാട് പഞ്ചായത്തുകളിലെ ജലസേചനവും കുടിവെള്ള വിതരണവും സുഗമമാക്കാനും മേഖലയിലെ കിണറുകളിലും കുളങ്ങളിലും ജലവിതാനം നിലനിര്‍ത്താനും ലക്ഷ്യമിട്ടുകൊണ്ട് വേനല്‍ക്കാലത്ത് നാലിടങ്ങളിലാണ് താല്‍ക്കാലിക മണ്‍ചിറകള്‍ നിര്‍മിക്കുന്നത്.പണ്ട് ഈ താല്‍ക്കാലിക ചിറകളുടെ നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്നത് വൃക്ഷങ്ങളുടെ ചില്ലകളും മുളയും മണ്ണും മാത്രമായിരുന്നു. മണല്‍ചാക്കുകളും ഇതിനായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ പൂര്‍ണമായും മണ്ണും മണലും നിറച്ച് പ്ലാസ്റ്റിക് ചാക്കുകളാണ് ചിറകെട്ടാന്‍ ഉപയോഗിക്കുന്നത്. ഈ വര്‍ഷവും ജനുവരി രണ്ടാം വാരത്തോടെ ചിറകളുടെ നിര്‍മാണം ഇറിഗേഷന്‍ അധികൃതര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മണലും മണ്ണും നിറച്ച ആയിരക്കണക്കിന് പ്ലാസ്റ്റിക് ചാക്കുകളാണ് ചിറ നിര്‍മാണത്തിനായി ഉപയോഗിച്ചത്. മഴക്കാലത്ത് ചിറകള്‍ പൊട്ടുമ്പോള്‍ ഈ പ്ലാസ്റ്റിക് ചാക്കുകളത്രയും പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടുന്നത് പുഴവെള്ളം മലിനമാകാന്‍ കാരണമാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരടക്കമുള്ളവര്‍ ചൂണ്ടി്ക്കാട്ടുന്നത്. പ്ലാസ്റ്റി്ക്ക് ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒട്ടേറെ കാമ്പയിനുകള്‍ നടക്കുന്ന സാഹചര്യത്തില്‍ പുഴയില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് നിക്ഷേപി്ക്കപ്പെടുന്ന തരത്തില്‍ മണ്‍ചിറകള്‍ നിര്‍മിക്കുന്നത് ഗുരുതരമായ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി മനുഷ്യാവകാശപ്രവര്‍ത്തകന്‍ കെ.ജി.രവീന്ദ്രനാഥ് 2023ല്‍ മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയിരുന്നു. പരാതി പരിഗണിച്ച കമീഷന്‍ ചിറ നിര്‍മാണത്തിന് പ്ലാസ്റ്റിക് ചാക്കുകള്‍ ഒഴിവാക്കാനും ബദല്‍ സാധ്യതകള്‍ തേടാനും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് മേജര്‍ ഇറിഗേഷന്‍ വകുപ്പ് കഴിഞ്ഞ വര്‍ഷവും ഇത്തവണയും കുറുമാലിപുഴയില്‍ ചിറ നിര്‍മാണം നടത്തിയതെന്ന് രവീന്ദ്രനാഥ് ആരോപിച്ചു. പ്ലാസ്റ്റിക് നിര്‍മാര്‍ജനം നയമാക്കിയ സര്‍ക്കാര്‍ ജനങ്ങളുടെ കുടിവെള്ളത്തില്‍ പ്ലാസ്റ്റിക് കലരാനിടയാക്കുന്ന തരത്തിലുള്ള ചിറനിര്‍മാണത്തിന് തടയിടണമെന്നാവശ്യപ്പെട്ട് താലൂക്ക് തല അദാലത്തില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് കെ.ജി.രവീന്ദ്രനാഥ് .
Follow us on :
Tags:
More in Related News
Please select your location.