Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിടരുത്; ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സെക്രട്ടറിയേറ്റ് മാർച്ച് 25ന്

22 Oct 2025 12:41 IST

NewsDelivery

Share News :

കോഴിക്കോട്: കേന്ദ്ര സർക്കാറിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ ചേരാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം വിദ്യാലയങ്ങളെ സംഘ്‌പരിവാർ വത്ക്കരിക്കാനുള്ള ബി.ജെ.പിയുടെ അജണ്ടക്ക് തലവെച്ചുകൊടുക്കലാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ കുറ്റപ്പെടുത്തി. സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടുകൾ പോലും തടഞ്ഞുവെച്ച് ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയും പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെയും ഫ്രറ്റേണിറ്റി സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. ഒക്ടോബർ 25 ശനിയാഴ്ച രാവിലെ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസ്, കലക്ട‌റേറ്റ്, വിദ്യാഭ്യാസ വകുപ്പ് ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് പ്രതിഷേധ മാർച്ചുകൾ, മണ്ഡലം തല പ്രതിഷേധങ്ങൾ, കാമ്പസ്, സ്ക്കൂൾ യൂണിറ്റുകളിൽ പ്രതിഷേധങ്ങൾ, ഒപ്പ് ശേഖരണം അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.


പി.എം ശ്രീയിൽ ഒപ്പിടാനുള്ള നീക്കം വിദ്യാർത്ഥി സംഘടനകൾക്ക് മന്ത്രി നൽകിയ ഉറപ്പിന്റെ ലംഘനം കൂടിയാണ്. പദ്ധതി പ്രകാരം ഫണ്ട് ലഭിക്കാനുള്ള ആദ്യ പടി ബി.ജെ.പി സർക്കാർ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമെന്ന എം.ഒ.യു ഒപ്പുവെക്കലാണ്. വിദ്യാഭ്യാസ രംഗത്തെ ഹിന്ദുത്വവത്ക്കരിക്കാനുള്ള പുതിയ വിദ്യാഭ്യാസ നയത്തെ നടപ്പിലാക്കാത്ത സംസ്ഥാനങ്ങളായ ബംഗാൾ, തമിഴ്‌നാട്, കേരളം എന്നിവക്ക് സമഗ്ര ശിക്ഷ അഭിയാൻ പ്രകാരം ലഭിക്കേണ്ട ഫണ്ട് പോലും കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്.


സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരു പോലെ അവകാശമുള്ള ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തിനെ കേന്ദ്രത്തിൻ്റെ അധികാര പരിധിയിലാക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനോടനുബന്ധിച്ചാണ് വിദ്യാഭ്യാസ നയത്തെ അടിച്ചേൽപ്പിക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടുകൾ തടഞ്ഞുവെക്കുന്നതും പി.എം ശ്രീയിൽ ഒപ്പിടാൻ നിർബന്ധിക്കുന്നതും ഇതിന് വഴങ്ങിക്കൊടുക്കുന്നത് വഴി ഫെഡറൽ മൂല്യങ്ങൾക്ക് കടക്കൽ കത്തിവെക്കുന്ന പണി കൂടിയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്യുന്നത്.


പി.എം ശ്രീയിൽ ഒപ്പുവെച്ചില്ലെങ്കിൽ മറ്റ് വിദ്യാഭ്യാസ ഫണ്ടുകളും തരില്ലെന്ന കേന്ദ്ര സർക്കാറിന്റെ തിട്ടൂരത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടത്. കുട്ടികൾക്ക് അവകാശപ്പെട്ട 1466 കോടി രൂപ പി.എം ശ്രീയിൽ ഒപ്പുവെക്കാതെ വെറുതെ എന്തിനാ കളയുന്നത് എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ വങ്കത്തരം മാത്രമാണ്. ഇങ്ങനെയാണേൽ കേന്ദ്രം 2000 കോടി തരാമെന്ന് പറഞ്ഞാൽ സംസ്ഥാന സർക്കാർ പൗരത്വ ഭേദഗതി നിയമവും നടപ്പിലാക്കാൻ തയ്യാറാകുമോ?

ഒരു ബ്ലോക്കിൽ രണ്ട് സ്‌കൂളുകൾ എന്ന നിരക്കിൽ കേരളത്തിലെ മുന്നൂറിൽപരം സ്‌കൂളുകളെ കേന്ദ്രത്തിന്റെ രാഷ്ട്രീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ ദൂരവ്യാപക പ്രത്യാഘാതങ്ങളിലേക്കാണ് നയിക്കുക. പി.എം ശ്രീ വഴി വിദ്യാഭ്യാസ രംഗത്തെ സംഘ്‌പരിവാറിന് തീറെഴുതിക്കൊടുക്കുന്ന ഏർപ്പാടിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് വിട്ടുനിൽക്കുകയും സംസ്ഥാനത്തിന് അവകാശപ്പെട്ട ഫണ്ട് തടയുന്നതിനെ നിയമപരമായി നേരിടുയും ചെയ്യണം.


ഗവർണറുടെ സംഘ്‌പരിവാർ നയങ്ങൾക്കെതിരെ കേരളത്തിലുടനീളം പ്രതിഷേധങ്ങൾ സംഘടിപ്പിക്കാറുള്ള എസ്.എഫ്.ഐ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള സർക്കാറിൻ്റെയും പ്രത്യക്ഷത്തിൽ തന്നെയുള്ള ഈ സംഘ്‌പരിവാർ വിധേയത്വത്തിന് മുന്നിൽ കാണിക്കുന്ന ബോധപൂർവമായ മൗനത്തെ കേരളത്തിലെ വിദ്യാർത്ഥി സമൂഹം തിരിച്ചറിയണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ്റ് നേതാക്കൾ ചൂണ്ടിക്കാട്ടി.

വാർത്ത സമ്മേളനത്തിൽ നഈം ഗഫൂർ (സംസ്ഥാന പ്രസിഡന്റ്) ' കെ.എം.സാബിർ അഹ്സൻ (സംസ്ഥാന വൈസ് പ്രസി.), മുനീബ് എലങ്കമൽ (സംസ്ഥാന സെക്രട്ടറി), തബ്ഷീറ സുഹൈൽ (കോഴിക്കോട് ജില്ല പ്രസി.), അഫ്നാൻ വേളം (ജില്ല വൈസ് പ്രസി.) പങ്കെടുത്തു

Follow us on :

More in Related News