Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 11:16 IST
Share News :
തന്റെ ഡാന്‍സ് കൊണ്ടും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും ഒരുപാട് ആരാധകരെ നേടുന്ന താരമാണ് ശ്രീലീല. 'പുഷ്പ 2'വിലെ കിസിക് ഗാനത്തോടെ ശ്രീലീല ഏറെ ശ്രദ്ധ നേടുകയാണ്. എന്നാല്‍ അഭിനയത്തിലെ തിളക്കത്തേക്കാള്‍ ഉപരിയായി നിരവധി കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും ശ്രീലീല ജനഹൃദയങ്ങളില്‍ തിളങ്ങി നില്‍ക്കുന്നുണ്ട്. മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍കാരം എന്ന സിനിമയിലെ 'കുര്‍ച്ചി മടത്തപെട്ടി' എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്ക് ശ്രീലീലയെ കൂടുതല്‍ പരിചയം. എന്നാല്‍ ഇതിന് മുമ്പേ മറ്റ് നിരവധി സിനിമകളില്‍ ശ്രീലീല നായികയായിരുന്നു. 2017ലെ തെലുങ്ക് ഹൊറര്‍ ചിത്രമായ ചിത്രാംഗദയിലൂടെ നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ് ശ്രീലീല സിനിമാരംഗത്തേക്ക് എത്തുന്നത്.
23 വയസുകാരിയായ ശ്രീലീല ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് എന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. ബൈ ടു ലവ് എന്ന കന്നഡ സിനിമയില്‍ ചെറിയ പ്രായത്തില്‍ അമ്മയാകുന്ന പെണ്‍കുട്ടിയായി നടി അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കുട്ടികളെ ദത്തെടുക്കാനുള്ള തീരുമാനം. ഒരിക്കല്‍ താരം ഒരു ഓര്‍ഫനേജ് സന്ദര്‍ശിച്ചിരുന്നു. അവിടെയുള്ള കുട്ടികളുടെ അവസ്ഥ കണ്ടപ്പോള്‍ താരത്തിന് വലിയ സങ്കടമായി. ഇതോടെ രണ്ട് കുട്ടികളെ ദത്തെടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. അങ്ങനെയാണ് ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ അമ്മയായി ശ്രീലീല മാറുന്നത്. വെറും 21 വയസ് പ്രായമുള്ളപ്പോഴാണ് താരം ഈയൊരു ഒരു തീരുമാനം എടുത്തത്. 2022ല്‍ ആണ് ഭിന്നശേഷിക്കാരായ ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ശ്രീലീല ദത്തെടുത്തത്. ഇന്ന് ഗുരു എന്ന ആണ്‍കുട്ടിയുടെയും ശോഭിത എന്ന പെണ്‍കുട്ടിയുടെയും അമ്മയാണ് 23കാരിയായ ശ്രീലീല.
2019ലെ കന്നഡ റൊമാന്റിക് ചിത്രമായ കിസ് എന്ന സിനിമയില്‍ നായികയായി ശ്രീലീല തന്റെ കരിയര്‍ ആരംഭിച്ചു. എംബിബിഎസ് ബിരുദം നേടിക്കൊണ്ട് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശ്രീലീല ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള താരം ആണെങ്കിലും മെഡിസിനില്‍ ബിരുദാനന്തര ബിരുദം നേടാനുള്ള ശ്രമത്തില്‍ കൂടിയാണ് താരം. അമേരിക്കയിലാണ് ശ്രീലീലയുടെ ജനനം. അമ്മ സ്വര്‍ണലത ബാംഗ്ലൂര്‍ സ്വദേശിയായ ഗൈനക്കോളജിസ്റ്റും അച്ഛന്‍ സുരപനേനി സുധാകര റാവു ഇന്‍ഡസ്ട്രിയലിസ്റ്റുമാണ്. ബാംഗ്ലൂരിലാണ് ശ്രീലീല വളര്‍ന്നത്. ശ്രീലീല ജനിക്കുമ്പോഴേക്കും അച്ഛനും അമ്മയും പിരിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ശ്രീലീലയുടെ കുട്ടിക്കാലം പ്രശ്‌നഭരിതമായിരുന്നു. എന്നാല്‍ ശ്രീലീല പഠനത്തോടൊപ്പം തന്നെ സിനിമയിലും സജീവമായി.
പുഷ്പ 2 എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ഐറ്റം ഡാന്‍സിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടുകയാണ് താരം. ചെറുപ്പം മുതല്‍ക്കെ ഭരതനാട്യം പഠിച്ചിട്ടുള്ളതും ശ്രീലീലയ്ക്ക് കരിയറില്‍ ഗുണം ചെയ്തിട്ടുണ്ട്. തെലുങ്കില്‍ നിറഞ്ഞു നില്‍ക്കുന്ന ശ്രീലീല അധികം വൈകാതെ ബോളിവുഡിലും അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുന്‍നിര നായകന്‍ വരുണ്‍ ധവാന്റെ നായികയായിട്ടായിരിക്കും ശ്രീലീലയുടെ ബോളിവുഡ് എന്‍ട്രി.
Follow us on :
Tags:
More in Related News
Please select your location.