Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2025 13:29 IST
Share News :
മലപ്പുറം : കോഴിക്കോട് - മലപ്പുറം - പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഗ്രീൻഫീൽഡ് ഹൈവേക്ക് ദേശീയ വൈൽഡ് ലൈഫ് ബോർഡിൻ്റെ അനുമതി. പദ്ധതിക്കായി 9.526 ഹെക്ടർ വനമുള്‍പ്പെടെ 134.1 ഹെക്ടർ ഭൂമി ഉപയോഗപ്പെടുത്താൻ ബോർഡ് അനുമതിനല്‍കി. സൈലന്റ് വാലി ദേശീയോദ്യാനം ഉള്‍പ്പെടുന്ന സംരക്ഷിതവനപ്രദേശത്തിന് പുറത്തുള്ള ഭൂമിയാണ് അനുവദിച്ചത്. കേന്ദ്രമന്ത്രിസഭയുടെ അനുമതികൂടി ലഭിക്കുന്നമുറയ്ക്ക് ദർഘാസ് നടപടികളിലേക്ക് കടക്കുമെന്ന് പദ്ധതി പ്രോജക്‌ട് വിഭാഗം അധികൃതർ പറഞ്ഞു. സ്ഥലമേറ്റെടുപ്പ് 95 ശതമാനത്തോളം പൂർത്തിയായി.
നിർദിഷ്ട ഗ്രീൻഫീല്‍ഡ് ഹൈവേ അതിവേഗ ഇടനാഴിയായാണ് വികസിപ്പിക്കുന്നത്. സൈലന്റ് വാലി ദേശീയോദ്യാനത്തോടുചേർന്ന് 9.526 ഹെക്ടർ ഭൂമിയും 124.574 ഹെക്ടർ വനേതരഭൂമിയും വിട്ടുകിട്ടാൻ ദേശീയ വൈല്‍ഡ്ലൈഫ് ബോർഡിന്റെ അനുമതി വേണമെന്നതിനാല്‍ അതിനുള്ള കാത്തിരിപ്പിലായിരുന്നു അധികൃതർ. സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ പരിസ്ഥിതിസംവേദമേഖലയ്ക്ക് പുറത്തുള്ള പത്തുകിലോമീറ്റർ ചുറ്റളവിലാണ് നിലവില്‍ പദ്ധതിക്കായി ഭൂമി അനുവദിച്ചിട്ടുള്ളതെന്ന് ചീഫ് വൈല്‍ഡ്ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ പറഞ്ഞു. മാർച്ചില്‍ നടന്ന യോഗത്തിലാണ് വൈല്‍ഡ്ലൈഫ് ബോർഡിന്റെ അനുമതി ലഭിച്ചത്. കഴിഞ്ഞദിവസമാണ് ഇതിന്റെ ഉത്തരവ് വന്നത്.
ഏറ്റെടുക്കാൻ അനുമതി ലഭിച്ച സ്ഥലം, സൈലന്റ് വാലി വനമേഖലയോട് ചേർന്നുള്ള ഭൂമിയാണെങ്കിലും വനഭൂമിയല്ല. സ്വകാര്യവ്യക്തികളുടെ ഭൂമിയായതിനാല്‍ത്തന്നെ മറ്റുള്ള സ്ഥലങ്ങള്‍ ഏറ്റെടുക്കുംപോലെത്തന്നെയായിരിക്കും ഇതിന്റെയും നടപടികളെന്നും അധികൃതർ പറഞ്ഞു. പാതയിലേക്ക് വന്യമൃഗങ്ങള്‍ വരുന്നത് തടയുന്നതിനുള്ള പദ്ധതികള്‍ക്കായി 88.88 കോടി രൂപ ദേശീയപാതാ അതോറിറ്റി കെട്ടിവെയ്ക്കണമെന്ന നിർദേശത്തോടെയാണ് ബോർഡ് സ്ഥലമേറ്റെടുപ്പിന് അനുമതി നല്‍കിയത്. കോംപൻസേറ്ററി അഫോറസ്റ്റേഷൻ ഫണ്ട് മാനേജ്മെന്റ് ആൻഡ് പ്ലാനിങ് അതോറിറ്റി (കാംപ) ഫണ്ടിലേക്കാണ് കെട്ടിവെയ്ക്കേണ്ടത്.
ദേശീയപാത 66-ല്‍ കോഴിക്കോട് പന്തീരാങ്കാവില്‍നിന്ന് തുടങ്ങി ദേശീയപാത 544-ല്‍ പാലക്കാട് മരുതറോഡുവരെ 121 കിലോമീറ്ററാണ് പാത. 7937 കോടി രൂപ ചെലവില്‍ അതിവേഗ ഇടനാഴിയായാണ് റോഡ് വികസിപ്പിക്കുക. പണി പൂർത്തിയായാല്‍ കോഴിക്കോട്-പാലക്കാട് യാത്ര ഒന്നരമണിക്കൂറുകൊണ്ട് സാധ്യമാവും.
Follow us on :
Tags:
More in Related News
Please select your location.