Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2025 11:18 IST
Share News :
തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ഇന്ന് (ജൂലൈ 23) പ്രസിദ്ധീകരിക്കുമെന്നും അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു.
കരട് വോട്ടർപട്ടികയിൽ 1034 തദ്ദേശസ്ഥാപനങ്ങളുടെ 20,998 വാർഡുകളിലായി 2,66,78,256 (1,26,32,186 പുരുഷന്മാരും, 1,40,45,837 സ്ത്രീകളും, 233 ട്രാൻസ്ജെൻഡറും) വോട്ടർമാരാണുള്ളത്. 2024ൽ സംക്ഷിപ്ത പുതുക്കൽ നടത്തിയ വോട്ടർപട്ടിക പുതിയ വാർഡുകളിലേക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
2020ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക 2023 ഒക്ടോബറിലും 2024 ജൂലൈയിലും പുതുക്കൽ നടത്തിയിരുന്നു.
2023 ഒക്ടോബറിലെ കരടിൽ 2,76,70,536 വോട്ടർമാരാണുണ്ടായിരുന്നത്. പട്ടികയിൽ പുതുതായി 57,640 പേരെ ചേർക്കുകയും മരണപ്പെട്ടതോ, സ്ഥലംമാറി പോയതോ, ഇരട്ടിപ്പ് ഉള്ളതോ ആയ 8,76,879 അനർഹരെ ഒഴിവാക്കുകയും ചെയ്തിരുന്നു. അന്തിമപട്ടികയിൽ ആകെ 2,68,51,297 പേരുണ്ടായിരുന്നു. ഇതിനെതുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ അതിനായി പട്ടിക പുതുക്കിയിരുന്നു.
2024 ജൂലൈയിൽ പുതുക്കിയ കരട് വോട്ടർപട്ടികയിൽ 2,68,57,023 വോട്ടർമാരാണുണ്ടായിരുന്നത്. 2,68,907 പേരെ പുതുതായി ചേർക്കുകയും അനർഹരായ 4,52,951 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. 2024 ജൂലൈയിൽ പ്രസിദ്ധീകരിച്ച അന്തിമവോട്ടർ പട്ടികയിൽ ആകെ 2,66,72,979 വോട്ടർമാരാണുണ്ടായിരുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ അതിനുശേഷം പട്ടിക പുതുക്കിയിരുന്നു.
കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ആഗസ്റ്റ് 7 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.
വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കുന്നതിനും (ഫാറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിൽ ഓണ്‍ലൈനായി അപേക്ഷിക്കണം.
Follow us on :
Tags:
More in Related News
Please select your location.