Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Dec 2025 23:13 IST
Share News :
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഹനുക്ക ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ ദാരുണമായ ആക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍. സിഡ്‌നിയിലെ വിനോദസഞ്ചാരകേന്ദ്രമായ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. അക്രമികളായ പിതാവും മകനും ആക്രമണത്തിന് മുമ്പ് ഐഎസ്‌ഐഎസിന് കൂറ് പ്രഖ്യാപിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
നവേദ് അക്രം (24), പിതാവ് സാജിദ് അക്രം (50) എന്നിവര്‍ ചേര്‍ന്നാണ് ഞായറാഴ്ച വൈകിട്ട് ബീച്ചിലുണ്ടായിരുന്ന യഹൂദര്‍ക്കുനേരെ വെടിയുതിര്‍ത്തത്. എട്ടു ദിവസത്തെ യഹൂദ ഉത്സവമായ ഹാനക്കയുടെ ആദ്യത്തെ രാത്രിയിലാണ് വെടിവെപ്പുണ്ടായത്. ഉത്സവവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ ബീച്ചില്‍ ഒത്തുകൂടിയിരുന്നു. ഈ സമയം വാഹനത്തിലെത്തിയ തോക്കുധാരികളായ അക്രമികള്‍ ആളുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസിന് അക്രമികള്‍ എത്തിയ വാഹനത്തില്‍നിന്ന് ഐഎസ്‌ഐഎസിന്റെ കൊടി ലഭിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
സംഭവദിവസം നവേദും പിതാവ് സാജിദും ഷോട്ട്ഗണ്ണുകളും ബോള്‍ട്ട്-ആക്ഷന്‍ റൈഫിളുമായാണ് ബോണ്ടി ബീച്ചില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. ആക്രമണം ഏകദേശം 10 മിനിറ്റ് നീണ്ടുനിന്നതായും നൂറുകണക്കിന് ആളുകള്‍ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 10-നും 87-നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ അധികവും. മിക്കവരും യഹൂദരായിരുന്നു.
അക്രമികളില്‍ ഒരാളായ സാജിദ് അക്രം സംഭവസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടതായും, നവേദ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും പോലീസ് സ്ഥിരീകരിച്ചു. അക്രമികളില്‍ ഒരാളെ കീഴടക്കുകയും ആയുധം പിടിച്ചുവാങ്ങുകയും ചെയ്ത 43-കാരനായ അഹമ്മദ് അല്‍ അഹമ്മദ് എന്നയാളെ ലോകം പ്രശംസകൊണ്ട് മൂടുകയാണ്. ആക്രമണത്തിനിടെ വെടിയേറ്റ അല്‍ അഹമ്മദ് ശസ്ത്രക്രിയയ്ക്ക് വിധേയനായി.
'1998-ല്‍ സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയില്‍ എത്തിയ ആളാണ് സാജിദ് അക്രം. അതേസമയം, മകന്‍ നവേദ് ഓസ്‌ട്രേലിയയില്‍ ജനിച്ച പൗരനാണ്.' മന്ത്രി ടോണി ബര്‍ക്ക് പറഞ്ഞു. 'ഞങ്ങള്‍ രണ്ട് പ്രതികളുടെയും പശ്ചാത്തലം വിശദമായി പരിശോധിച്ചുവരികയാണ്. ഈ ഘട്ടത്തില്‍, അവരെക്കുറിച്ച് ഞങ്ങള്‍ക്ക് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ അറിയൂ.' ന്യൂ സൗത്ത് വെയില്‍സ് പോലീസ് കമ്മീഷണര്‍ മാല്‍ ലാനിയോണ്‍ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.