Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം തിരൂരിൽ വിദേശനിർമിത സിഗരറ്റുകളുടെ വൻശേഖരം പിടികൂടി ; 490 പെട്ടികളിലായി 88 ലക്ഷം സിഗരറ്റുകളാണ് പിടികൂടിയത്.

16 Feb 2025 11:30 IST

Jithu Vijay

Share News :

തിരൂർ : ഇന്ത്യയില്‍ വില്‍പ്പന നടത്താൻ അനുമതിയില്ലാത്ത വിദേശനിർമിത സിഗരറ്റുകളുടെ വൻശേഖരം പിടികൂടി. തിരൂരിലെ രണ്ട് കടമുറികളില്‍നിന്നാണ് 15 കോടിയിലേറെ രൂപ പൊതുവിപണിയില്‍ വിലവരുന്ന സിഗരറ്റുകള്‍ കണ്ടെത്തിയത്. 490 പെട്ടികളിലായി സൂക്ഷിച്ചവയായിരുന്നു ഇത്. ഇതില്‍ 88 ലക്ഷം സിഗരറ്റുകളാണുള്ളത്.


ഒരു ട്രെയിലർ ലോറിയിലും മൂന്ന് ചെറുലോറികളിലുമായി ഇവ ശനിയാഴ്ച പകല്‍ മാനാഞ്ചിറയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. ഗോള്‍ഡ് വിമല്‍, മോണ്ട്, പൈൻ, എസ്സെ, റോയല്‍സ്, പ്ളാറ്റിനം ബെൻസണ്‍ ആൻഡ് ഹെഡ്ജസ്, മാല്‍ബറോ, ഡണ്‍ഹില്‍, വിൻ, മാഞ്ചസ്റ്റർ, കേമല്‍ തുടങ്ങിയ ഇരുപതോളം ബ്രാൻഡുകളുടെ ശേഖരമാണ് പിടികൂടിയത്. ഇവ കപ്പലില്‍ കണ്ടെയ്നറുകളില്‍ ഒളിപ്പിച്ച്‌ കേരളത്തിലെത്തിച്ച്‌ ചെറുലോറികളില്‍ തിരൂരിലെത്തിച്ചെന്നാണ് സൂചന.


മറുനാടൻതൊഴിലാളികള്‍ താമസിക്കുന്ന ഒരു ഉള്‍പ്രദേശത്തിലെ ലെയ്ൻ മുറികളില്‍ രണ്ടെണ്ണത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇവ പലപ്പോഴായി എത്തിച്ചതാണെന്നാണ് വിവരം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂരിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ കട പരിശോധിക്കാനെത്തിയപ്പോള്‍ മുറികള്‍ വാടകയ്ക്കെടുത്ത് ഇവ സൂക്ഷിച്ച ആള്‍ ഓടിരക്ഷപ്പെട്ടു. ഇയാളെ കേന്ദ്രീകരിച്ച്‌ അന്വേഷണമാരംഭിച്ചിട്ടുണ്ട്.


കസ്റ്റംസ് ആൻഡ് പ്രിവന്റീവ് കമ്മിഷണർ കെ. പത്മാവതി, ജോയന്റ് കമ്മിഷണർ ബി. ആദിത്യ, ഡെപ്യൂട്ടി കമ്മിഷണർ ജെ. ആനന്ദകുമാർ എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റംസ് സൂപ്രണ്ടുമാരായ എൻ.പി. ഗോപിനാഥ്, പി.എം. സിലീഷ്, എ. അരുണ്‍കുമാർ, ഇൻസ്പെക്ടർമാരായ ആർ. അശ്വന്ത് രാജ്, അമീൻ അഹമ്മദ് സുഹൈല്‍, വി. രാജീവ്, ബിപുല്‍ പണ്ഡിറ്റ്, ഡ്രൈവർ സത്യനാരായണൻ, ഹെഡ് ഹവില്‍ദാർ മുകേഷ് എന്നിവരടങ്ങിയ സംഘമാണ് ഇവ പിടികൂടിയത്.



Follow us on :

More in Related News