Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2026 20:29 IST
Share News :
മലപ്പുറം : ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ യുവജനങ്ങൾക്കായി പ്രവർത്തിക്കുന്ന മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾ കാലോചിതമായി പരിഷ്കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി താനൂർ മണ്ഡലത്തിലെ ഇരിങ്ങാവൂരിൽ പുതുതായി അനുവദിച്ച ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ആരംഭിച്ച പരിശീലന കേന്ദ്രങ്ങളിലൂടെ ഇതിനകം അയ്യായിരത്തോളം ഉദ്യോഗാർഥികൾക്ക് സർക്കാർ സർവീസിൽ ജോലി നേടാനായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ യോഗ്യതയുള്ള യുവജനങ്ങൾക്കും കുടുംബിനികൾക്കും വിവിധ പി.എസ്.സി, മത്സര പരീക്ഷകൾക്കുള്ള പ്രത്യേക പരിശീലനം ആധുനിക സൗകര്യങ്ങളോടെ ഈ കേന്ദ്രങ്ങൾ വഴി ലഭ്യമാക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിൽ കഴിഞ്ഞ നൂറു ദിവസത്തിനകം 16 കർമ്മപരിപാടികൾ പൂർത്തീകരിക്കാൻ സാധിച്ചു. ഏകാധ്യാപക വിദ്യാലയങ്ങളെ എൽ.പി സ്കൂളുകളായി ഉയർത്തിയതും പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ 120 പുതിയ ബാച്ചുകൾ അനുവദിച്ചതും ഇതിൽ ഉൾപ്പെടുന്നു. ഡിജിറ്റൽ പഠനത്തിനായി 'ഡിജിറ്റൽ സ്ക്വയർ', നിർമ്മിത ബുദ്ധി (എ.ഐ) പരിചയപ്പെടുത്താൻ 'ഇ-റേസ്', കായിക അഭിരുചി വളർത്താൻ 'കായിക മിത്രം' തുടങ്ങിയ പദ്ധതികളും വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഇടവ, ഗുരുവായൂർ, ചങ്ങനാശ്ശേരി, വയനാട് വെള്ളമുണ്ട, താനൂർ എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
ഇരിങ്ങാവൂർ ബാഫഖി അക്കാദമിയിൽ നടന്ന ചടങ്ങിൽ പി.കെ. നവാസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി, താനൂർ നഗരസഭ ചെയർപേഴ്സൺ നസ്‌ല ബഷീർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ടി. നാസർ (ചെറിയമുണ്ടം), സക്കീന കുന്നത്ത് (ഒഴൂർ), കുഞ്ഞിപ്പ തെയ്യമ്പാടി (താനാളൂർ), ന്യൂനപക്ഷക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ. പി. നസീർ, താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ എം.പി. അഷ്‌റഫ്, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖമറുന്നീസ ടീച്ചർ, പി.കെ. ഹൈദ്രസ് മാസ്റ്റർ, സിറിയൻ ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാദർ എൽദോ ജേക്കബ്, പി.ടി.കെ. കുട്ടി, യു.കെ. അഭിലാഷ്, കെ.എൻ. മുത്തുക്കോയ തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടർ എൻ.ദേവിദാസ് സ്വാഗതവും കോച്ചിങ് സെന്റർ പ്രിൻസിപ്പൽ ഡോ. കെ.പി. വഹീദ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.