Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറത്ത് വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ചതിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി

07 Apr 2025 10:03 IST

Shafeek cn

Share News :

മലപ്പുറത്ത് വീട്ടില്‍ പ്രസവത്തിനിടെ യുവതി മരിച്ചതില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം അധകൃതര്‍ തുടര്‍ നടപടി സ്വീകരിക്കും. ഇന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്. നിലവില്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അക്യുപഞ്ചര്‍ ചികിത്സയിലൂടെ പ്രസവമെടുക്കുമ്പോഴായിരുന്നു മുപ്പത്തിയഞ്ചുകാരിയായ അസ്മ മരിച്ചത്. 


അഞ്ചാമത്തെ പ്രസവത്തിനിടെയാണ് അസ്മ മരിച്ചത്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. മതിയായ ചികിത്സ ലഭിക്കാത്തിനാലാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. മലപ്പുറത്ത് ഭര്‍ത്താവിന്റെ വീട്ടില്‍വെച്ച് പ്രസവത്തിനിടെയാണ് യുവതി മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് മരണം നടന്നത്. മൃതദേഹം സംസ്‌കരിക്കാനുള്ള ശ്രമം പോലീസ് ഇടപെട്ട് തടയുകയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.


ആശുപത്രിയില്‍ പോയി യുവതി പ്രസവിക്കുന്നതിന് ഭര്‍ത്താവ് സിറാജുദ്ദീന്‍ എതിരായിരുന്നുവെന്നും ഇതാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം. അക്യുപങ്ചര്‍ ചികിത്സ നടത്തുന്നയാളാണ് സിറാജുദ്ദീന്‍. അസ്മയുടെ ആദ്യ രണ്ടുപ്രസവവും ആശുപത്രിയിലായിരുന്നു. പിന്നീട് ഇയാള്‍ ചികിത്സ പഠിച്ചു. തുടര്‍ന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടില്‍ വച്ചാണ് നടത്തിയത്. അതില്‍ അഞ്ചാമത്തെ പ്രസവത്തിനിടയിലാണ് അസ്മ മരിക്കുന്നത്. അസ്മയും അക്യുപങ്ചര്‍ പഠിച്ചിരുന്നു.


യുവതിയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. പ്രസവസമയത്ത് വേണ്ടത്ര പരിചരണം ലഭിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്നാണ് വിലയിരുത്തല്‍. മരണം സംഭവിച്ച കാര്യം പോലീസിനെ അറിയിച്ചില്ലെന്ന് മാത്രമല്ല, പെട്ടെന്നുതന്നെ സംസ്‌കരിക്കാനായി യുവതിയുടെ സ്വദേശമായ പെരുമ്പാവൂരിലേക്ക് മൃതദേഹം കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്നാണ് പോലീസ് ഇടപെട്ട് മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞത്. മലപ്പുറത്ത് പ്രസവം നടന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തി.


യുവതി മരിച്ചതിന് പിന്നാലെ കുഞ്ഞിനേയും അസ്മയുടെ മൃതദേഹവും ഭര്‍ത്താവ് പെരുമ്പാവൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നു. ബന്ധുക്കള്‍ക്ക് മരണത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പെരുമ്പാവൂര്‍ പോലീസ് വിഷയത്തില്‍ ഇടപെടുന്നത്. തൊട്ടുമുന്‍പ് നടന്ന പ്രസവവും വീട്ടില്‍ത്തന്നെ ആയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.


അസ്മ മരിച്ച വിവരം നാട്ടില്‍ ആരെയും അറിയിച്ചിട്ടില്ലെന്ന് വാടക വീട്ടിന്റെ ഉടമ സൈനുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. കാസര്‍കോട് പള്ളിയില്‍ ജോലി ചെയ്യുന്ന ആളെന്ന നിലയിലാണ് ഇവര്‍ക്ക് വീട് നല്‍കിയത്. അസ്മയ്ക്ക് വീട്ടില്‍ ചികിത്സ നടത്തിയതായി അറിവില്ല. ഒന്നര വര്‍ഷമായി വാടകക്ക് താമസിക്കാന്‍ തുടങ്ങിയിട്ടെങ്കിലും അയല്‍വാസികളുമായി വലിയ ബന്ധം ഉണ്ടായിരുന്നില്ലെന്ന് സൈനുദ്ദീന്‍ പറഞ്ഞു.


സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ സിറാജുദ്ദീനെ യുവതിയുടെ കുടുംബം കയ്യേറ്റം ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.


Follow us on :

More in Related News