Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശുചിത്വോത്സവം: ജില്ലാതല ഉദ്ഘാടനം തവനൂരില്‍ നടന്നു

26 Sep 2025 19:11 IST

Jithu Vijay

Share News :

കുറ്റിപ്പുറം : സ്വച്ഛത ഹി സേവ 2025 ക്യാംപയിനിന്റെ ഭാഗമായി നടക്കുന്ന ശുചിത്വോത്സവം ജനകീയ ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം കെ.ടി. ജലീല്‍ എം.എല്‍.എ. ശുചീകരണ പ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കാളിയായി നിര്‍വഹിച്ചു. തവനൂരിലെ മിനി പമ്പയും പരിസരവുമാണ് ശുചീകരിച്ചത്.


ശബരിമല മണ്ഡലകാലത്ത് ഭക്തജനങ്ങളുടെ പ്രധാന ഇടത്താവളമായ മിനി പമ്പയുടെ ശുചിത്വം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഒറ്റത്തവണ ശുചീകരണത്തില്‍ ഒതുങ്ങാതെ, ഓരോ മൂന്നു മാസത്തെ ഇടവേളകളിലും ശുചീകരണ യജ്ഞം നടത്തുന്നതിന് സ്ഥിരം സംവിധാനം ഒരുക്കാന്‍ മുന്‍കൈയെടുക്കണം. ഇതോടൊപ്പം, മിനി പമ്പയുടെ ടൂറിസം സാധ്യതകള്‍ക്ക് ശക്തി പകരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഏറ്റെടുക്കണമെന്നും എം.എല്‍.എ. പറഞ്ഞു.


രാവിലെ 8.30 മുതല്‍ ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും പങ്കെടുത്തു. മിനി പമ്പയിലെ പ്രധാന കടവുകള്‍, വ്യൂ പോയന്റ് പാര്‍ക്ക്, പരിസരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും കാടുപിടിച്ച് കിടന്ന ഭാഗങ്ങള്‍ വെട്ടിത്തെളിക്കുകയും ചെയ്തു. ശുചീകരണത്തിന്റെ ഭാഗമായി ഏകദേശം ഒന്നര ടണ്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുകയും ഇത് തുടര്‍സംസ്‌കരണത്തിനായി ഇക്കോഗ്രീന്‍ കമ്പനിക്ക് കൈമാറുകയും ചെയ്തു. 


തവനൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ തവനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസന്‍, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. ആതിര, ഡി.ടി.പി.സി, നെര്‍ഫ്, കുറ്റിപ്പുറം എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ജില്ലാ ക്ലീന്‍ കേരള കമ്പനി, എക്കോ ഗ്രീന്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശുചീകരണം പൂര്‍ത്തിയാക്കിയ ഇടങ്ങളില്‍ കുറ്റിപ്പുറം എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജിന്റെ ആഭിമുഖ്യത്തില്‍ തുടര്‍ സൗന്ദര്യവത്കരണ പ്രവൃത്തികള്‍ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Follow us on :

More in Related News