Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2025 15:53 IST
Share News :
മലപ്പുറം : സംസ്ഥാനത്ത് ഭിന്നശേഷി മേഖലയിൽ വേറിട്ട സേവനങ്ങൾ കാഴ്ച്ചവെച്ച മികച്ച ജില്ലാ ഭരണകൂടത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം മലപ്പുറം ജില്ലാ ഭരണകൂടത്തിന്. ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ പുരസ്‌ക്കാരങ്ങൾ - 'ഭിന്നശേഷി അവാർഡ് 2025' ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 16 വിഭാഗങ്ങളിലായി ആകെ 30 പുരസ്കാരങ്ങളാണ് മന്ത്രി പ്രഖ്യാപിച്ചത്. ഇതിൽ മികച്ച ജില്ലാ ഭരണകൂടത്തിനുള്ള അവാർഡ് ഉൾപ്പെടെ ആറ് പുരസ്കാരങ്ങൾ മലപ്പുറത്തിനാണ്.
ജില്ലാ കളക്ടർ വി.ആർ വിനോദിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് വേണ്ടി നടപ്പാക്കിയ വിവിധ നൂതന പദ്ധതികളും സാമൂഹ്യനീതി വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെയും സന്നദ്ധ സാമൂഹ്യ പ്രവർത്തകരുടെയും പ്രവർത്തനങ്ങളുടെ ഏകീകരണവും നിരന്തര നിരീക്ഷണങ്ങളുമാണ് ജില്ലാ ഭരണകൂടത്തെ അവാർഡിന് അർഹമാക്കിയത്. നാഷണൽ ട്രസ്റ്റ് ആക്ട് പ്രകാരമുള്ള ഭിന്നശേഷിക്കാർക്ക് രക്ഷാകർതൃത്വം ഉറപ്പാക്കുന്നതിനുള്ള വികേന്ദ്രീകൃത പ്രവർത്തനങ്ങൾ, ഭിന്നശേഷിക്കാർക്ക് കലക്ടറുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പ്രത്യേക പി എസ് സി കോച്ചിംഗ്, എബിലിറ്റി കഫേകൾ, ബാരിയർ ഫ്രീ പ്രവർത്തനങ്ങൾ തുടങ്ങി നിവരധി നൂതന ഇടപെടലുകൾ, ഭിന്നശേഷി മേഖലയിൽ 24 മണിക്കൂറും സന്നദ്ധസേവനം ഉറപ്പു വരുത്തുന്നതിനുള്ള “കെയർ” പദ്ധതി, ഭിന്നശേഷി സൗഹൃദ ഓഫീസുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ജില്ലയിൽ നടത്തി.
വിദ്യാ കിരണം, വിദ്യാജ്യോതി തുടങ്ങിയ സാമൂഹിക നീതി വകുപ്പിന്റെ വിവിധ പദ്ധതികൾ വഴി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾക്ക് സേവനം നൽകാൻ മലപ്പുറം ജില്ലക്ക് കഴിഞ്ഞു. നാഷണൽ ട്രസ്റ്റ് ആക്ട് പ്രകാരമുള്ള ഭിന്നശേഷിക്കാർക്ക് നിയമപരമായ രക്ഷാകർതൃത്വ സർട്ടിഫിക്കറ്റുകൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നൽകിയത് മലപ്പുറം ജില്ലയാണ്. 2023 ൽ 630 ഉം 2024 ൽ 429 ഉം 2025 ൽ1002 ഉം സർട്ടിഫിക്കറ്റുകൾ നൽകി. 54,234 പേർക്ക് ഭിന്നശേഷി യു ഡി ഐ ഡി കാർഡുകൾ വിതരണം ചെയ്തു. (2025 ഓഗസ്റ്റ് മാസം വരെ).
Follow us on :
Tags:
More in Related News
Please select your location.