Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരുനാഗപ്പള്ളിയിൽ വധശ്രമക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി; മുൻ വൈരാഗ്യമെന്ന് എഫ്ഐആർ

27 Mar 2025 12:54 IST

Shafeek cn

Share News :

കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. താച്ചയില്‍മുക്ക് സ്വദേശിയായ ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. വധശ്രമക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെയാണ് സംഭവം.


സംഭവത്തില്‍ എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കൊലയാളി സംഘത്തില്‍ നാല് പേര്‍ ഉണ്ടായിരുന്നുവെന്നും കൊലയ്ക്ക് കാരണം മുന്‍ വൈരാഗ്യമെന്നും എഫ്‌ഐആറില്‍ പറയുന്നു. മണ്‍വെട്ടി ഉപയോഗിച്ച് സന്തോഷിന്റെ മുറിയുടെ വാതില്‍ തകര്‍ത്തു. വാളും കമ്പിപ്പാരയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇടത് തോളിനും ഇടത് കാലിനും ഗുരുതര പരിക്കേറ്റെന്നും എഫ്‌ഐആറില്‍ പറയുന്നു. 


കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡില്‍ ആയിരുന്നു. പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. വീട്ടില്‍ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. കാറിലെത്തിയ സംഘം വീട്ടില്‍ കയറി വെട്ടുകയായിരുന്നു. 2014-ല്‍ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഈ ആക്രമണവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്


സന്തോഷിന്റെ കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാര്‍ന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൈയ്യിനും വെട്ടേറ്റിട്ടുണ്ട്. കറണ്ട് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. വാതില്‍കുത്തിപ്പൊളിച്ചാണ് വീട്ടില്‍ കയറിയതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 


ഇതിനു തൊട്ട് പിന്നാലെ വവ്വാക്കാവിലും ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. അനീറിനെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഒരേ സംഘം തന്നെയാണ് രണ്ടിടത്തും ആക്രമണം നടത്തിയതെന്നാണ് നിഗമനം. അനീറും സന്തോഷും തമ്മിലിള്ള ബന്ധം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.


Follow us on :

More in Related News