Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസികൾക്ക് ആശ്വാസമായി ദുബായിൽ കുടുംബ നീതിമേള; സൗജന്യ നിയമോപദേശവും കൗൺസലിങ്ങും തേടിയെത്തിയത് നിരവധി പേർ

21 Oct 2026 23:48 IST

ENLIGHT MEDIA OMAN

Share News :

ദുബായ്: പ്രവാസജീവിതത്തിലെ നിയമക്കുരുക്കുകൾക്കും കുടുംബപ്രശ്നങ്ങൾക്കും തൊഴിൽ പ്രതിസന്ധികൾക്കും പരിഹാരം തേടുന്നവർക്ക് ആശ്വാസമായി ദുബായിൽ കുടുംബ നീതിമേള സംഘടിപ്പിച്ചു. മോഡൽ സർവീസ് സൊസൈറ്റിയും (എംഎസ്എസ്) പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റിയും (പിൽസ്) സംയുക്തമായി ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ അനുമതിയോടെ സംഘടിപ്പിച്ച മേളയിൽ നിരവധി പ്രവാസികൾ വിദഗ്ധരുമായി ആശയവിനിമയം നടത്തി നിയമോപദേശങ്ങളും കൗൺസലിങ് പിന്തുണയും തേടി.

യുഎഇ 2026 കുടുംബ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി, പ്രവാസികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ തുറന്നുപറയാനും പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താനുമുള്ള വേദിയായി. കുടുംബക്ഷേമത്തിനൊപ്പം പ്രവാസികളുടെ നിയമപരവും മാനസികവുമായ ആവശ്യങ്ങൾക്കും മേളയിൽ പ്രാധാന്യം നൽകി.

ചെക്ക് കേസുകൾ മുതൽ വീസ പ്രശ്നങ്ങൾ വരെ

നീതിമേളയിൽ ഏറ്റവുമധികം പേർ സഹായം തേടിയത് ചെക്ക് കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു. സാമ്പത്തിക ഇടപാടുകളിലെ തർക്കങ്ങൾ, നിയമനടപടികളെക്കുറിച്ചുള്ള ആശങ്കകൾ, വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതുമായി ബന്ധപ്പെട്ട പരാതികൾ, പാസ്‌പോർട്ട് പിടിച്ചുവയ്ക്കൽ, അനുമതിയില്ലാതെ വീസ റദ്ദാക്കൽ, ശമ്പളം ലഭിക്കാത്തത് തുടങ്ങിയ പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെട്ടു.

ജോലിസ്ഥലത്തെ തർക്കങ്ങൾ, സാമ്പത്തിക ബാധ്യതകൾ, വ്യക്തിഗത നിയമപ്രശ്നങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ 25 പ്രമുഖ അഭിഭാഷകർ സൗജന്യ നിയമോപദേശവും മാർഗനിർദേശവും നൽകി. പ്രവാസികൾക്ക് തങ്ങളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് മനസ്സിലാക്കാനും തുടർനടപടികൾ സംബന്ധിച്ച് വ്യക്തത നേടാനും ഇതിലൂടെ അവസരമൊരുങ്ങി.

കുടുംബ പ്രശ്നങ്ങൾക്ക് കൗൺസലിങ് പിന്തുണ

നിയമോപദേശങ്ങൾക്ക് പുറമെ മാനസിക പിന്തുണയും കുടുംബപ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗങ്ങളും തേടിയെത്തിയവർക്കായി പ്രത്യേക കൗൺസലിങ് വിഭാഗവും ഒരുക്കിയിരുന്നു. കുടുംബപ്രശ്നങ്ങൾ, മാനസിക സമ്മർദങ്ങൾ, തൊഴിൽപരമായ പ്രതിസന്ധികൾ, ബിസിനസിലെ പ്രയാസങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി 36 പേർ കൗൺസിലർമാരുടെ സഹായം തേടി.

ആറ് സൈക്കോളജിസ്റ്റുകളും ഫാമിലി കൗൺസിലർമാരും പങ്കെടുത്ത സെഷനുകളിൽ വ്യക്തിപരമായ പ്രശ്നങ്ങൾ തുറന്നുപറയാനും വിദഗ്ധ നിർദേശങ്ങൾ തേടാനും അവസരമൊരുക്കി. പങ്കെടുത്തവരുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് കൗൺസലിങ് ക്രമീകരിച്ചത്.

പ്രമുഖ അറബ് അഭിഭാഷകൻ സലാമ മുഹമ്മദ് അബ്ദുല്ല ഷറാവി നീതിമേള ഉദ്ഘാടനം ചെയ്തു. എംഎസ്എസ് ചെയർമാൻ ഫയാസ് അഹ്മദ്, പിൽസ് സ്ഥാപകനും കേരള ഹൈക്കോടതി അഭിഭാഷകനുമായ ഷാനവാസ് കാട്ടകത്ത്, പിൽസ് ഒമാൻ പ്രസിഡന്റ് ഡോ. ജെ. രത്നകുമാർ, ഫാമിലി കൗൺസിലർ സി.എ. റസാഖ്, അഡ്വ. ഷിജിഷ്, സൽമാൻ ഇബ്രാഹിം, അനൂപ് കീച്ചേരി, അഡ്വ. ഇബ്രാഹിം ഖലീൽ, ബഷീർ ബെല്ലോ, അഡ്വ. മുഹമ്മദ് സാജിദ്, അഡ്വ. അസീസ് തോലേരി, അഡ്വ. ഗിരിജ, അൽനിഷാജ് ഷാഹുൽ, ഷജിൽ ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു.

പ്രവാസികൾ നേരിടുന്ന നിയമപരവും കുടുംബപരവും തൊഴിൽപരവുമായ വെല്ലുവിളികൾക്ക് വിദഗ്ധരുടെ സഹായത്തോടെ പരിഹാരമാർഗങ്ങൾ കണ്ടെത്താൻ ഇത്തരം കൂട്ടായ്മകൾ സഹായകമാകുമെന്ന സന്ദേശമാണ് കുടുംബ നീതിമേള മുന്നോട്ടുവച്ചത്.

Follow us on :

More in Related News