Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ലാ വികസന സമിതിയോഗം ചേര്‍ന്നു

29 Jun 2026 16:39 IST

Jithu Vijay

Share News :

മലപ്പുറം : ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ആസൂത്രണ സമിതി ഹാളില്‍ ജില്ലാ വികസന സമിതിയോഗം ചേര്‍ന്നു. എം.എല്‍.എ.മാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, കുറുക്കോളി മൊയ്തീന്‍, ടി.വി.ഇബ്രാഹിം, പി.കെ.നവാസ്, അഡ്വ.എം.റഹ്‌മത്തുള്ള, എ.ഡി.എം. പി.ഒ.സാദിഖ്, പ്ലാനിങ് ഓഫീസര്‍ ടി.വി ഷാജു, സബ് കളക്ടര്‍ ദിലീപ് കൈനിക്കര, ജില്ലാ തല ഉദ്യോഗസ്ഥര്‍, എം.പിമാര്‍, എം.എല്‍.എ.മാര്‍ എന്നിവരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


മലപ്പുറം ജില്ലയില്‍ ഡി.എം.ഒ. ഉള്‍പ്പെടെയുള്ള നിരവധി ജില്ലാതല ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ ഉണ്ടെന്നും സര്‍ക്കാര്‍ പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ ഇത്തരം ഒഴിവുകള്‍ നികത്തണമെന്നും ജില്ലാ വികസന സമിതിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി.പി. അഷ്‌റഫലി എം.എല്‍.എ.യാണ് പ്രമേയം അവതരിപ്പിച്ചത്. 


ദേശീയപാതയില്‍ ശാസ്ത്രീയമായ രീതിയില്‍ ഡ്രെയിനേജ് സംവിധാനം നിര്‍മിച്ച് മഴക്കാലത്ത് വീടുകളിലേക്ക് വെള്ളം ഒഴുകി വരുന്ന വിഷയത്തിന് പരിഹാരം കാണണമെന്ന് എം.എല്‍.എ.മാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി. ബ്രാഹിം, കുറുക്കോളി മൊയ്തീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ദേശീയപാതയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ഉടന്‍ അടിയന്തര യോഗം വിളിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 


ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവയില്‍ ബോധവത്ക്കരണം നല്‍കുന്നതിനായി ആരോഗ്യവകുപ്പ് നടപ്പിലാക്കി വരുന്ന ക്ലീന്‍ ഷോട്ട് മലപ്പുറം 2026 പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളുള്‍പ്പെടെ 5212 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. തദ്ദേശ സ്വയം ഭരണം, ഭക്ഷ്യസുരക്ഷ, ദുരന്ത നിവാരണം തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ക്യാംപയിനില്‍ 315 റെസ്റ്റോറന്റുകള്‍, 1189 ഹോട്ടലുകള്‍, 481 തട്ടുകടകള്‍, 881 കൂള്‍ബാറുകള്‍ 328 അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയെന്നും ഭക്ഷണം കൈകാര്യം ചെയ്യുന്ന 33 ശതമാനം ആളുകള്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തിട്ടില്ലെന്ന് കണ്ടെത്തിയെന്നും അറിയിച്ചു. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ഡി.എം.ഒ. യോഗത്തില്‍ അറിയിച്ചു. സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളിലെ കിണറുകള്‍ ആഴ്ചയില്‍ രണ്ടുപ്രാവശ്യം ക്ലോറിനേഷന്‍ നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷിഗല്ല ബാധിച്ച അഞ്ചു പേര്‍ ചികിത്സയിലുണ്ടെന്നും അപകടനില തരണം ചെയ്തു കഴിഞ്ഞതായും ഡി.എം.ഒ.അറിയിച്ചു.


ഓപ്പറേഷന്‍ തൂഫാന്‍ അനുസരിച്ച് ജില്ലയില്‍ 412 കസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡി.വൈ.എസ്.പി.മാരുടെ നേതൃത്വത്തില്‍ നാലു സ്‌ക്വാഡുകളായി ജില്ലയില്‍ പരിശോധനയും ബോധവത്ക്കരണവും നല്‍കി വരുന്നുണ്ടെന്നും എ.എസ്.പി.വികസന സമിതിയോഗത്തില്‍ അറിയിച്ചു. 


എം.എല്‍.എ.മാര്‍ ഉന്നയിച്ച വിഷയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു


പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ.


കോട്ടക്കല്‍-കാക്കത്തോട് പാലം നിര്‍മാണം, 3.90 കോടി അനുവദിച്ച കുറ്റിപ്പുറം ഗവ.ഹൈസ്‌കൂള്‍ കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ എന്നിവ വേഗത്തിലാക്കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു. ദേശീയപാതയില്‍ ശരിയായ രീതിയില്‍ ഡ്രെയിനേജ് സംവിധാനം നിര്‍മിക്കണമെന്നും വട്ടപ്പാറ വയഡക്ട് പാലത്തിന് കീഴിലുള്ള ജനവാസ കേന്ദ്രങ്ങലിലേക്ക് ദേശീയപാതയില്‍ നിന്നുള്ള വെള്ളമൊഴുകി വീടുകള്‍ക്ക് നാശനഷ്ടമുണ്ടാകുന്ന അവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ദേശീയ പാതയില്‍ വട്ടപ്പാറയില്‍ നിന്നും വളാഞ്ചേരിയിലേക്കുള്ള സര്‍വീസ് റോഡ് ഉടന്‍ നിര്‍മിക്കണമെന്നും എം.എല്‍.എ.ആവശ്യപ്പെട്ടു. സ്മാര്‍ട്ട് കൃഷിഭവനാക്കുന്നതിനായി 1.43 കോടി രൂപ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഇരിമ്പിളിയം കൃഷിഭവന്‍ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടിയായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.


ടി.വി.ഇബ്രാഹിം എം.എല്‍.എ


ദേശീയപാതയില്‍ അശാസ്ത്രീയമായാണ് ഫുട്പാത്ത് നിര്‍മാണം നടക്കുന്നതെന്നും പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ എന്‍.എച്ച്.എം.പ്രൊജക്ട് ഡയറക്ടര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ.ആവശ്യപ്പെട്ടു. കടലെടുത്തു പോയ ആനങ്ങാടി-ടിപ്പു സുല്‍ത്താന്‍ റോഡ് ഉടന്‍ പുനര്‍നിര്‍മിക്കണമെന്നും കടലുണ്ടി പാലം, അപ്രോച്ച് റോഡ് എന്നിവയുടെ നിര്‍മാണം വേഗത്തിലാക്കണമെന്നും എം.എല്‍.എ. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ മലപ്പുറം റവന്യൂ ടവര്‍ നിര്‍മിക്കുന്നതിന് ആവശ്യമായ നടപടികള്‍ ത്വരിത ഗതിയിലാക്കണമെന്ന് ജില്ലാ കളക്ടര്‍, പി.ഡബ്ലിയു.ഡി. എന്നിവരോട് എം.എല്‍.എ. ആവശ്യപ്പെട്ടു. പ്രവൃത്തി നിര്‍ത്തി വെച്ച മൂന്നിയൂര്‍-വെളിമുക്ക് എഫ്.ഒ.ബി.നിര്‍മാണം വേഗത്തിലാക്കണമെന്നും എം.എല്‍.എ.ആവശ്യപ്പെട്ടു. 


കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ


ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എസ്.എസ്.എല്‍.സി.റിസല്‍ട്ട് പുറകിലായതില്‍ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് എം.എല്‍.എ.ആവശ്യപ്പെട്ടു. ജില്ലയിലെ 57855 പ്ലസ് വണ്‍ സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മന്റ് പൂര്‍ത്തിയായപ്പോള്‍ 39748 കുട്ടികള്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ചതായി ഹയര്‍സെക്കന്‍ഡറി വിഭാഗം റീജ്യണല്‍ ഡയറക്ടര്‍ അറിയിച്ചു. 82753 അപേക്ഷകളാണ് ലഭിച്ചത്. മൂന്നാം ഘട്ട അലോട്ട്‌മെന്റ് നടക്കുന്നതോടെയാണ് പൂര്‍ണമായ ചിത്രം അറിയാന്‍ കഴിയൂ എന്ന് എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടിയായി ആര്‍.ഡി.ഡി.അറിയിച്ചു.


തിരൂര്‍ ജില്ലാ ആശുപത്രിയില്‍ തകരാറിലായ ഓക്‌സിജന്‍ പ്ലാന്റ് ഉടന്‍ നന്നാക്കണമെന്നും പഴയന്നൂര്‍-വെട്ടം സി.എച്ച്.എസിയില്‍ അടിയന്തരമായി കിടത്തി ചികിത്സക്കുള്ള സംവിധാനമുണ്ടാക്കണമെന്നും എം.എല്‍.എ.ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി. കൊറോണക്ക് മുന്‍പ് തിരൂരില്‍ നടത്തിയിരുന്ന ഒന്‍പതു സര്‍വീസുകള്‍ പുനസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു. പുത്തനത്താണി ബസ്റ്റാന്‍ഡില്‍ ബസ് കയറാനും യാത്രക്കാര്‍ക്ക് ഉപയോഗപ്പെടാനുമുള്ള സാഹചര്യം ഉണ്ടാകണമെന്നും എം.എല്‍.എ.പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത ഭിന്നശേഷി പുനരധിവാസ ഗ്രാമത്തിന്റെ പുരോഗതി, വെട്ടം, തിരുനാവായ അംബേദ്ക്കര്‍ ഗ്രാമത്തിന്ററ പുരോഗതി എന്നിവ എം.എല്‍.എ.ആരാഞ്ഞു. ഭൂമി തരംമാറ്റം വേഗത്തലാക്കണമെന്ന് .തിരൂര്‍ സബ്കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.


പി.കെ.നവാസ് എം.എല്‍.എ


മൂച്ചിക്കല്‍ പാലം-ദേവധാര്‍ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും ചീരന്‍ കടപ്പുറം, എടക്കപ്പുറം, ചാമപ്പടി പാലങ്ങളുടെ നിര്‍മാണം വേഗത്തിലാക്കണമെന്നും എം.എല്‍.എ.ആവശ്യപ്പെട്ടു. 


അഡ്വ.എം..റഹ്‌മത്തുള്ള എം.എല്‍.എ.


മഞ്ചേരി-കോഴിക്കോട് റോഡില്‍ പുതിയ കെ.എസ്.ആര്‍.ടി.സി.ബസ് സര്‍വീസ് ആരംഭിക്കണമെന്ന് എം.എല്‍.എ.ആവശ്യപ്പെട്ടു. അപകടകരമായ നിലയിലുള്ള മഞ്ചേരി മെഡിക്കല്‍ കോളെജിലെ ബി ബ്ലോക്ക് മറ്റൊരിടത്തേക്ക് താത്ക്കാലികമായി മാറ്റാനുള്ള സാധ്യത എം.എല്‍.എ.ആരാഞ്ഞു. മെഡിക്കല്‍ കോളെജില്‍ ഫാര്‍മസി വിഭാഗത്തില്‍ ഉടന്‍ പോസ്റ്റിങ് നടത്തണമന്നും മെഡിക്കല്‍ കോളെജിനായി അനുവദിച്ചിട്ടുള്ള ബഡ്ജറ്റ് നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കണമെന്നും എം.എല്‍.എ.ആവശ്യപ്പെട്ടു. എം.എല്‍.എ., എം.പി.ഫണ്ട് വരുന്ന പദ്ധതികള്‍ വേഗത്തിലാക്കാന്‍ നടപടിയെടുക്കണം. പൊലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്യുന്ന നടപടികള്‍ വേഗത്തിലാക്കണമെന്നും എം.എല്‍.എ.ആവശ്യപ്പെട്ടു. 


എം.എല്‍.എ., എം.പി.ഫണ്ട് ഉള്ള പദ്ധതികള്‍ വേഗത്തിലാക്കണമെന്നും എല്ലാവരും സെന്‍സസിന്റെ ഭാഗമായുള്ള സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യണമെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

Follow us on :

More in Related News