Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2026 15:39 IST
Share News :
ന്യൂഡൽഹി : സെപ്റ്റംബർ മാസം 28 മുതല്‍ മൂന്ന് ദിവസം പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ വരുന്ന ഞായറാഴ്ച (സെപ്റ്റംബര്‍ 27) എല്ലാ ബാങ്കുകളും പ്രവര്‍ത്തിക്കും. ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതിന് പിന്നാലെയാണ് തിങ്കളാഴ്ച മുതലുള്ള പണിമുടക്ക് ഉറപ്പായത്. പണിമുടക്കില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ തീരുമാനം. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിന് പുറമെ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിത കാല പണിമുടക്കും ആരംഭിക്കും.
സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാനശാഖകള്‍ പണിമുടക്ക് ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരുടെ സമരത്തെ നേരിടുന്നതിനായി ധനമന്ത്രാലയം വാര്‍ റൂം തുറക്കും. ഓരോ ബാങ്കില്‍ നിന്നും നോഡല്‍ ഓഫിസര്‍മാരെയും ഉള്‍പ്പെടുത്തും. ക്രമസമാധാന പ്രശ്നങ്ങള്‍ നേരിടുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതിനിധികളും ഉണ്ടാകും. സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടും കേന്ദ്രസര്‍ക്കാര്‍ തേടിയിട്ടുണ്ട്.
അതേ സമയം ബാങ്കിങ് ജീവനക്കാരുടെ 90 ശതമാനത്തോളം പ്രതിനിധീകരിക്കുന്ന യുഎഫ്ബിയു ആണ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ബാങ്കുകളില്‍ ആഴ്ചയില്‍ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുക എന്നതാണ് സംഘടനയുടെ പ്രധാന ആവശ്യം. ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണറുമായി ചൊവ്വാഴ്ച നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞു. അഞ്ച് ദിവസത്തെ ബാങ്കിങ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെയോ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെയോ ഭാഗത്തുനിന്ന് ക്രിയാത്മകമായ നടപടികള്‍ ഉണ്ടായാല്‍ മാത്രമേ പണിമുടക്കില്‍നിന്ന് പിന്നോട്ട് പോകൂ എന്ന് യുഎഫ്ബിയു വ്യക്തമാക്കിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.