Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിതാ സംരംഭകരുടെ സംഗമത്തിന് കോഴിക്കോട് വേദിയാകുന്നു; ‘വെൻ കാർണിവൽ പറുദീസ’ സെപ്റ്റംബർ 5ന്

03 Sep 2026 07:57 IST

NewsDelivery

Share News :

കോഴിക്കോട്: വനിതാ സംരംഭകരുടെ കൂട്ടായ്മയായ വുമൺ എന്റർപ്രണേഴ്സ് നെറ്റ്‌വർക്ക് (വെൻ) കാലിക്കറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ വെൻ കാർണിവൽ 2026 – ‘പറുദീസ’ സെപ്റ്റംബർ 5ന് കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോർട്ട്യാർഡിൽ നടക്കും.

രാവിലെ 9.30ന് കെ. ജയന്ത് എം.എൽ.എ കാർണിവൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

സംരംഭകത്വത്തിനൊപ്പം വിനോദവും

വനിതാ സംരംഭകർക്ക് തങ്ങളുടെ ബിസിനസുകൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ പരിചയപ്പെടുത്താനും നേട്ടങ്ങൾ ആഘോഷിക്കാനും പുതിയ ബിസിനസ് ബന്ധങ്ങൾ സൃഷ്ടിക്കാനും അവസരമൊരുക്കുന്ന വേദിയായിരിക്കും ‘പറുദീസ’യെന്ന് സംഘാടകർ അറിയിച്ചു.

2016ൽ രൂപീകരിച്ച വെൻ വനിതാ സംരംഭകരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന ബിസിനസ് നെറ്റ്‌വർക്കിംഗ് സംഘടനയാണ്. നെറ്റ്‌വർക്കിംഗ്, സഹകരണം, പഠനം, പരസ്പര വളർച്ച എന്നിവയിലൂടെ വനിതാ സംരംഭകർക്ക് പിന്തുണ നൽകുകയാണ് സംഘടനയുടെ ലക്ഷ്യം.

2021ൽ രൂപംകൊണ്ട വെൻ കാലിക്കറ്റ് ചാപ്റ്റർ നിലവിൽ 140ലധികം വനിതാ സംരംഭകരുടെ കൂട്ടായ്മയായി വളർന്നിട്ടുണ്ട്.

കോഴിക്കോടിന്റെ തനത് സംസ്കാരം, രുചി, കലാപാരമ്പര്യം, ആഘോഷങ്ങൾ, വൈവിധ്യം എന്നിവയും കാർണിവലിൽ പ്രതിഫലിക്കും. ഷോപ്പിംഗ്, ഭക്ഷണം, സംഗീതം, കലാപരിപാടികൾ, ഗെയിമുകൾ, വിനോദങ്ങൾ, ബിസിനസ് നെറ്റ്‌വർക്കിംഗ്, വിവിധ ആഘോഷ പരിപാടികൾ എന്നിവയും അരങ്ങേറും.

വിവിധ വെൻ ചാപ്റ്ററുകളിൽ നിന്നുള്ള സംരംഭകർ പങ്കെടുക്കുന്ന ബിസിനസ്, സാംസ്കാരിക മത്സരങ്ങൾ, വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, സംരംഭകർക്ക് പരസ്പരം പരിചയപ്പെടാനും പുതിയ ബിസിനസ് ബന്ധങ്ങൾ സൃഷ്ടിക്കാനും അവസരമൊരുക്കുന്ന വെൻ നെറ്റ്‌വർക്കിങ് പവലിയൻ എന്നിവ കാർണിവലിന്റെ പ്രധാന ആകർഷണങ്ങളാകും.

പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം

വെൻ ഫൗണ്ടേഷൻ പ്രസിഡന്റ് മഞ്ജു തോമസ്, വെൻ കാലിക്കറ്റ് പ്രസിഡന്റ് ചാരുമതി രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ സന്ധ്യ വർമ്മ, വെൻ കാലിക്കറ്റ് ഫൗണ്ടർ ചെയർ ഉത്തര രാമകൃഷ്ണൻ, സെക്രട്ടറി ജൂനി റോയ്, ട്രഷറർ നാന മുഹമ്മദ്, വിദ്യ രമേഷ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News